ഫിറോസ്വാല (പാക്കിസ്ഥാൻ): പാക്കിസ്ഥാനിൽ 13 വയസുള്ള ക്രിസ്ത്യൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തിയെന്നും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നുമുള്ള ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്.
ഗുജ്റൻവാലയിലെ ഫിറോസ്വാല സ്വദേശിയായ ഷാഹിദ് ഗില്ലാണു നീതി ആവശ്യപ്പെട്ടു രംഗത്തെത്തിയത്.
ആരിഫ് ടൗണിൽ തുന്നൽക്കട നടത്തുകയാണ് ഷാഹിദ്. ഇദ്ദേഹത്തിന്റെ ഇസ്ലാം മതവിശ്വാസിയായ അയൽവാസി തന്റെ ഉടമസ്ഥതയിലുള്ള കടയിൽ പെണ്‍കുട്ടിയെ ജോലിക്കു വിടാൻ ഷാഹിദിനെ നിർബന്ധിച്ചിരുന്നു.
എന്നാൽ ആദ്യം ആരിഫ് ഈ ആവശ്യം നിരസിച്ചു. പിന്നീടും ആവശ്യം തുടർന്നപ്പോൾ തന്റെ സാന്പത്തിക പരാധീനത കണക്കിലെടുത്ത് മകളെ അയൽവാസിയുടെ കടയിൽ ജോലിക്കു വിടാൻ ഷാഹിദ് സമ്മതിച്ചു.
മേയ് 20ന് പെണ്‍കുട്ടിയെ കാണാതായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ അയൽവാസിക്കും മറ്റു ചിലർക്കുമൊപ്പം മകൾ പിക്കപ്പ് വാനിൽ പോയതായി വിവരം ലഭിച്ചു.
മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഷാഹിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 29ന് അയൽവാസിക്കും മറ്റ് ഏഴുപേർക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പെണ്‍കുട്ടി പ്രാദേശിക കോടതിയിൽ ഹാജരായി മൊഴി നൽകി.
ഇസ്ലാമിലേക്കു പരിവർത്തനം നടത്തുന്നതിനായി സ്വമേധയാ വീടു വിട്ടതാണെന്നും അയൽക്കാരനെ വിവാഹം ചെയ്തെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
ഇതേത്തുർന്ന്, പെണ്‍കുട്ടിയെ അയൽക്കാരനൊപ്പം പോകാൻ അനുവദിച്ച കോടതി, കേസ് റദ്ദാക്കാനും നിർദേശിച്ചു.
എന്നാൽ, മകൾക്ക് വെറും 13 വയസ് മാത്രമാണ് പ്രായമെന്നും അതുകൊണ്ട് കോടതി പെണ്‍കുട്ടിയുടെ മൊഴി അംഗീകരിക്കരുതെന്നും ഷാഹിദ് കോടതിയോട് ആവശ്യപ്പെട്ടു.
16 വയസിൽ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം ശൈശവ വിവാഹമായി പരിഗണിക്കണമെന്നും രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇദ്ദേഹം കോടതിയിൽ ഹാജരാക്കി. എന്നാൽ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാണു കോടതി തീരുമാനിച്ചത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത അയൽവാസിക്ക് ഭാര്യയും നാലു കുട്ടികളുമുണ്ടെന്നും പിതാവ് ആരോപിക്കുന്നു.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷാഹിദ് പോലീസിനു മറ്റൊരു പരാതി നൽകിയിട്ടുണ്ട്. നാഷണൽ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അഥോറിറ്റിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.