മിസ് സിനലോവയായ കാർമെൻ വിവാഹ ആവശ്യം നിരസിച്ചതോടെ അധോലോക നായകനായ ഫെലിക്സിനു കലികയറി. ഒട്ടും മടിച്ചില്ല,
അയാളുടെ സംഘം ആയുധങ്ങളുമായി എത്തി കാർമനെ തട്ടിക്കൊണ്ടുപോയി. അവളുടെ എതിർപ്പ് വകവയ്ക്കാതെ ബലമായി വിവാഹം കഴിക്കുകയുംചെയ്തു.
തുടർന്ന് അയൽസംസ്ഥാനത്ത് ഒളിവിൽ പാർപ്പിച്ചു. അക്രമസംഘം പിടിച്ചുകൊണ്ടുപോകുന്പോൾ അവൾക്കു 18 വയസായിരുന്നു.
ബന്ധുക്കളുടെ പരാതിയനുസരിച്ചു നിരവധി ഇടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും അവളെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല.
മാസങ്ങൾക്കു ശേഷം കാർമെന്റേത് എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന ഒരു മെക്സിക്കൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു: “”ഞാൻ എന്റെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ചിട്ടാണോ അതോ ബലപ്രയോഗത്തിലൂടെ എടുത്തതാണോ ഈ തീരുമാനം എന്നു പറയേണ്ടിവരുന്നതു ലജ്ജാകരമാണ്.
എന്റെ മക്കളുടെ പിതാവായിത്തീർന്ന ആൾ അയാളുടെ അവസാന നാമം എനിക്കു നൽകുകയും ചെയ്തു.
അവനിൽനിന്ന് എനിക്കു മാത്രം ശ്രദ്ധ ലഭിച്ചു. അങ്ങനെ ഒരു വ്യക്തിയെ വിധിക്കാനോ ചൂണ്ടിക്കാണിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവനിൽനിന്ന് എനിക്ക് ഒരിക്കലും മോശമായ അനുഭവം ഉണ്ടായിട്ടില്ല.
വിധി എനിക്കു നൽകിയ പാത ഞാൻ സ്വീകരിക്കുന്നു. ദൈവം എന്നെ ഈ പാതയിലാക്കിയിട്ടുണ്ടെങ്കിൽ ഞാൻ തുടരണം.’
ഈ കുറിപ്പ് ചിലപ്പോൾ മറ്റൊരു മാർഗവുമില്ലാതെ കാർമെൻ എഴുതിയതാകാമെന്നും അല്ലെങ്കിൽ അവളെക്കൊണ്ടg നിബന്ധപൂർവം എഴുതിച്ചതാകാമെന്നും സംശയിക്കുന്നു. 1993ൽ പോലീസ് ഫെലിക്സിനെ അറസ്റ്റ് ചെയ്തു.
15 വർഷം ശിക്ഷ കിട്ടി ജയിലിലായി. 2013ൽ ഒരു കുടുംബാഘോഷത്തിൽ പങ്കെടുക്കവേ കോമാളിവേഷം ധരിച്ച വാടകക്കൊലയാളികളാൽ ഫെലിക്സ് കൊല്ലപ്പെട്ടു. മരണത്തിൽ അയാൾക്കൊപ്പം കാർമെനും ഉണ്ടായിരുന്നു.
മരണത്തിന്റെ നിഴലിൽ
2010ൽ പുറത്തിറങ്ങിയ “മിസ് നാർകോ’ എന്ന പുസ്തകത്തിന്റെ രചയിതാവായ ജാവിയർ വാൽഡെസ് കോർഡെനാസ് ഇങ്ങനെ എഴുതി, “മിക്ക പെൺകുട്ടികൾക്കും അറിയാം അവർ ഏതു നിമിഷവും ഏതു സമയത്തും എവിടെയും കൊല്ലപ്പെടുമെന്ന്.
ഒന്നുകിൽ അയാളുടെ കൈകൊണ്ട് അല്ലെങ്കിൽ പോലീസിന്റെ വെടിയേറ്റ്. എന്നിട്ടും അവർക്ക് അവരോടൊപ്പം ജീവിക്കേണ്ടിവരുന്നു.’
മെക്സിക്കോയിൽ മയക്കുമരുന്ന് സംഘത്തിന്റെ പിടിയിൽപ്പെടുന്ന യുവതികളുടെ എണ്ണം കൂടിവരികയാണ്.
തോക്കു കാട്ടി ഭീഷണിപ്പെടുത്തിയും സന്പത്തു കാട്ടിയുമൊക്കെ മയക്കുമരുന്നു സംഘങ്ങൾ അവരെ വരുതിയിലാക്കുന്നുണ്ടെന്നു വനിതാ അവകാശപ്രവർത്തകയും മുൻ സിനലോവ നിയമസഭാംഗവുമായ ജൂഡിത്ത് ഡെൽ റിങ്കൺ പറഞ്ഞു.
പല പെൺകുട്ടികളും മോഡലിംഗ് ജീവിതത്തിൽ ഒരു ഉയർച്ചയും പ്രശസ്തിയും കിട്ടാനാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
എന്നാൽ, മെക്സിക്കോയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്ന പല ഏജൻസികളും മയക്കുമരുന്നു മാഫിയ തലവൻമാരുടെ നിയന്ത്രണത്തിലാണെന്നതാണ് സത്യം.
അവർ വിജയികളാകുന്ന യുവതികളെ ഭാര്യമാരാക്കുന്നു. മറ്റു ചിലർ ജോലി ഒന്നും ചെയ്യാതെ സന്പന്നമായ ജീവിതം നയിക്കാമെന്നു കരുതി മാഫിയ തലവൻമാരോടൊപ്പം പോകുന്നു.
വിലയേറിയ രത്നം പതിപ്പിച്ച മാലകളും വാച്ചുകളുമൊക്കെ സമ്മാനമായി നൽകി മാഫിയ തലവൻമാർ പുതുതായെത്തുന്ന സുന്ദരികളെ വലയിൽ വീഴ്ത്തുന്നു.
ഇതിൽ ഒന്നും വീഴാത്തവരെ തോക്കും കത്തിയും ഉപയോഗിച്ചു അവർ കീഴ്പ്പെടുത്തുന്നു, ഇവിടെ സൗന്ദര്യത്തിനു ഭീതിദമായ ഭാവമാണ്.
(അവസാനിച്ചു)