ബസ്തർ: രണ്ടു സ്ത്രീകളെ ഒരുമിച്ചു വിവാഹം ചെയ്തു യുവാവ്. ഛത്തീസ്ഗഡിലെ ബസ്തറിൽ ഈ മാസം മൂന്നിനാണു വിവാദ വിവാഹം നടന്നത്. ഹാസിന (19), സുന്ദരി (21) എന്നീ യുവതികളെയാണു ചന്ദു മൗര്യ എന്ന യുവാവ് വിവാഹം ചെയ്തത്.
ബസ്തറിലെ ടിക്കാര ലോംഗ മണ്ഡപത്തിലായിരുന്നു വിവാഹം. ഇരു യുവതികളുടേയും സമ്മതപ്രകാരമാണു വിവാഹം നടന്നതെന്നാണു റിപ്പോർട്ടുകൾ.
തനിക്കു രണ്ടു സ്ത്രീകളെയും ഇഷ്ടമായിരുന്നെന്നും അവരുടെകൂടി ഇഷ്ടം പരിഗണിച്ചു ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണു വിവാഹം നടന്നതെന്നും മൗര്യ പറഞ്ഞു.
ഒരു ഭാര്യയുടെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ലെന്നും വരൻ കൂട്ടിച്ചേർത്തു.
രണ്ടു സ്ത്രീകളും 12-ാം ക്ലാസ് പാസായവരാണ്. ഇത്തരമൊരു വിവാഹം ഹിന്ദു വിവാഹനിയമ പ്രകാരം കുറ്റകരമാണ്. വലിയ ആഘോഷത്തിന്റെ അകന്പടിയോടെ നടന്ന വിവാഹത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.