വിവാഹ ആഘോഷം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ ആലോചന.
ഡാൻസും പാട്ടും ഫോട്ടോഷൂട്ടുമൊക്കെയായാണ് പലരുടെയും ആഘോഷം. എന്നാൽ വിവാഹം കഴിഞ്ഞ് വധുവിന്റെ വക ആയോധനകല അവതരിപ്പിച്ചാണ് തമിഴ്നാട്ടിലെ ഒരു വിവാഹം വാർത്തകളിൽ ഇടംപിടിച്ചത്.
തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിനിയായ പി നിഷയാണ് വധു. സിലംമ്പം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്കു മുന്നിൽ അവതരിപ്പിച്ചത്.
ജൂൺ 28നായിരുന്നു നിഷയുടെ വിവാഹം. വിവാഹത്തിനുശേഷമായിരുന്നു സ്വയം പ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായി നിഷ സിലംബം അവതരിപ്പിച്ചത്.
ഉറുമി പോലുള്ള ആയുധവും വടിയും ഉപയോഗിച്ചായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്ന് ഇരുപത്തിരണ്ടുകാരിയായ നിഷ പറയുന്നു.
”വിവാഹദിവസം ഈ റോക്ക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു. അമ്പരന്ന് ഇരിക്കുകയാണ്. ശീലങ്ങളെയൊക്കെ മാറിമറിക്കൂ നിഷാ, കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ”,
നിഷയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വീറ്റ് ചെയ്തു.