വെള്ളാങ്കല്ലൂർ: പഞ്ചായത്തിലെ വട്ടേക്കാട്ടുകര പ്രദേശത്ത് നൂറ്റന്പതിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്താനിരുന്ന വിവാഹസത്കാരം പോലീസ് സഹായത്തോടെ ആരോഗ്യവിഭാഗം തടഞ്ഞു.
കുടുംബനാഥനോട് രണ്ടുദിവസം മുന്പ് ആഘോഷം ലളിതമായി നടത്താൻ വെള്ളാങ്കല്ലൂർ ഹെൽത്ത് ഓഫീസർ നോട്ടീസ് മുഖേന നിർദേശം നൽകിയിരുന്നു.
കോവിഡ് 19 ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതിനാൽ ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളുടെ പിൻബലത്തോടെയാണ് ആരോഗ്യവിഭാഗം നടപടി ശക്തമാക്കിയത്.
എന്നാൽ, കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിപാടി നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെടുത്തത്.
നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുടുംബനാഥനെ അറിയിച്ചു. തുടർന്ന് പരിപാടി നിജപ്പെടുത്തി ജനപങ്കാളിത്തം കുറയ്ക്കാമെന്ന് കുടുംബനാഥൻ സമ്മതിച്ചു.
വെള്ളാങ്കല്ലൂർ ഹെൽത്ത് ഓഫീസർ (റൂറൽ) വി.ജെ. ബെന്നിയുടെ നേതൃത്വത്തിൽ നടന്ന നടപടികളിൽ ഹെൽത്ത് ഇൻസ്പെക്ടർ എ.എ. അനിൽകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ശരത്കുമാർ, കെ.എസ്. ഷിഹാബുദ്ദീൻ എന്നിവർ പങ്കെടു ത്തു.
ഇരിങ്ങാലക്കുട എസ്ഐ പി.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടികൾക്കാവശ്യമായ സഹായം നൽകി. കോവിഡ് 19 പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതായും ഇത്തരം നിയമലംഘനങ്ങൾ രണ്ടുവർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ പറഞ്ഞു.