തലയോലപ്പറന്പ്: സ്വർണ മോതിരം കളഞ്ഞു പോയെന്നു പരാതി. പോലീസ് അന്വേഷിച്ചിറങ്ങിയപ്പോൾ മോതിരം കളഞ്ഞു കിട്ടിയ ആളെ സിസിടിവിയിൽ പിടികിട്ടി. മോതിരം എടുക്കുന്നതും പ്ലാസ്റ്റിക് കൂടിനുള്ളിൽ നിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ട്. കളഞ്ഞു കിട്ടിയ മോതിരം സ്വയം പോലീസിന് കൈമാറുമോ അതോ പോലീസ് ആളെ പിടികൂടണോ എന്നാണ് കണ്ടറിയേണ്ടത്. എന്തായാലും ആളെ പിടികിട്ടിയ സ്ഥിതിക്ക് ഇനി മോതിരം കൊടുത്ത് തടിതപ്പുകയാവും നല്ലത്.
കഴിഞ്ഞ അഞ്ചിന് രാവിലെ 11ന് തലയോലപ്പറന്പ് ഇല്ലിതൊണ്ട് സ്വദേശിയുടെ മോതിരമാണ് നഷ്ടപ്പെട്ടത്. ബസ് സ്റ്റാൻഡ് ജംഗഷനുസമീപമുള്ള വനിതാ ജൂവലറിയിൽ നിന്നും മോതിരം വാങ്ങി മടങ്ങുന്നതിനിടയിൽ കയ്യിൽനിന്നും താഴെ വീണു നഷ്ടപ്പെടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിമധ്യേ മോതിരം നോക്കിയെങ്കിലും കണ്ടുകിട്ടിയില്ല. തുടർന്നു തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ മോതിരം കിട്ടിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. റോഡിന്റെ എതിർവശത്തുകൂടി നടന്നുപോയ ആൾ റോഡ് മുറിച്ചുകടന്നുവന്ന് റോഡിൽ നിന്നും മോതിരം എടുത്ത് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിനുള്ളിലാക്കുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ചിലർ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിക്കപ്പെടാനാകുമെന്നും പോലീസ് പറഞു.