സ്വർണ മണലിലൂടെ ഭർത്താവ് ഡാൽട്ടന്റെ കൈയും പിടിച്ച് അറ്റ് ലാന്റിക് സമുദ്രത്തെ നോക്കി നടക്കുന്പോൾ ചീയെൻ കോട്രലിന് മധുവിധുവിന്റെ സന്തോഷം മാത്രമേ മനസിലുണ്ടായിരുന്നുള്ളു.
വിവാഹം കഴിഞ്ഞിട്ട് അപ്പോൾ വെറും മൂന്നു ദിവസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. എന്നാൽ, താൻ അടുത്ത നിമിഷം വിധവയാകുമെന്ന് അവൾ പ്രതീക്ഷിച്ചതേയില്ല.
അന്പരപ്പിച്ച ക്ഷണം
പാസ്റ്ററാകാൻ പഠിച്ചിരുന്ന ഡാൽട്ടനും മിസൗറിയിലെ കാൻസാസിൽനിന്നുള്ള ടീച്ചറായ ചീയെന്നും തമ്മിൽ യൂണിവേഴ്സിറ്റിയിൽനിന്നുമാണ് പരിചയപ്പെടുന്നത്.
2018ലെ വസന്തകാലം വരെ ഇരുവരും പ്രണയത്തിൽ വീഴാതെ പിടിച്ചുനിന്നു. പക്ഷേ, 2019 ജനുവരി മൂന്നിനു ഡാൽട്ടണ്‍ അവളെ ഒരു പാർക്കിലേക്കു കൂട്ടിക്കൊണ്ടുപോയി.
അവിടെ അവളെ കാത്ത് ഒരു വിസ്മയിപ്പിക്കുന്ന സമ്മാനം കാത്തിരുന്നു. സമ്മാനം കണ്ട് അവൾ അദ്ഭുതപ്പെട്ടു നിന്നു.
ഒരു ചിത്ര ഫ്രെയിമും അതിനുള്ളിൽ ഒരു പദപ്രശ്നവുമായിരുന്നു ആ സമ്മാനം. ഒടുവിൽ ആ ആ പദപ്രശ്നം പൂരിപ്പിച്ചു കഴിഞ്ഞപ്പോൾ ചിയെന്ന രസകരമായ ഒരു ഉത്തരം കണ്ടെത്തി.
അതൊരു ചോദ്യമായിരുന്നു. “ചീയെൻ റേ പെർനൈസ്- ഹെഡ്രിക് നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?’ ഇതായിരുന്നു ആ ചോദ്യം. ഇതു കണ്ടതും സന്തോഷംകൊണ്ട് ചീയെന്റെ കണ്ണുനിറഞ്ഞു.
അവൾ ഡാൽട്ടനെ നോക്കി. ആ നോട്ടത്തിൽനിന്ന് എല്ലാം തിരിച്ചറിഞ്ഞ നിമിഷം അയാൾ അവൾക്കു മുന്നിൽ മുട്ടുകുത്തി.
ഒരു മോതിരം അവൾക്കു നേരെ നീട്ടി ജീവിതത്തിലേക്കു ക്ഷണിച്ചു.അതുകണ്ട ഞാൻ സ്വപ്നത്തിലാണോ എന്നു സംശയിച്ചു എന്നാണ് ചീയെൻ പറയുന്നത്.
നന്മ നിറഞ്ഞവൻ
ഡാൽട്ടണ്‍ ഇതിനകം തന്നെ ചിയെന്റെ മനസിൽ കുടിയേറിയിരുന്നു. ദയയും ക്ഷമയും ഉള്ളവൻ. എല്ലാവരെയും സഹായിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ.
ഒരു കോഫി ഷോപ്പിൽ മൂന്നു മണിക്കൂർ ഒരുമിച്ചു ചെലവഴിച്ച ശേഷം അവനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു.
അവൻ എപ്പോഴെങ്കിലും കാമുകിയാകാൻ ആവശ്യപ്പെട്ടാൽ ഞാൻ തത്ക്ഷണം അതെ എന്നു പറയാനിരിക്കുകയായിരുന്നു.
പത്ത് മണിക്കൂർ നീളുന്ന എന്റെ ജോലിയിൽ എനിക്കു മടുപ്പായിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് എനിക്കറിയാം. എന്തായാലും അവൾക്കു കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല.
ഡാൽട്ടണ്‍ വിവാഹഭ്യർഥന നടത്തിയ അന്നു രാത്രി അവർ ഇരുവരും വീട്ടുകാരോടു കാര്യങ്ങളൊക്കെ പറഞ്ഞു.
എന്റെ സ്വപ്നത്തിലെ മനുഷ്യനെ കണ്ടുമുട്ടിയതിലും എന്റെ ജീവിതകാലം മുഴുവൻ അവനോടൊപ്പം ചെലവഴിക്കാനുള്ള ആവേശത്തിലായിരുന്നു ഞാൻ – ചീയെൻ പറഞ്ഞു. 2019 ജൂലൈ 27ന് ഇരുവരും വിവാഹിതരായി.
ചതിച്ചതു കടൽ
ഡാൽട്ടണ്‍ അങ്ങനെ കടലിലൊന്നും ഇറങ്ങിയിട്ടില്ലായിരുന്നു. കാരണം അധികവും തടാകത്തിലായിരുന്നു അയാൾ പോയിരുന്നത്.
അതേസമയം, ചീയെന്നിനു കടലും കടൽത്തീരവും ഏറെ ഇഷ്ടമായിരുന്നു. ഡാൽട്ടനെയും കടലുമായി അടുപ്പിക്കണമെന്ന് അവൾ ആഗ്രഹിച്ചു .
അങ്ങനെയാണ് ഡാൽട്ടനുമായി കടൽത്തീരത്ത് എത്തിയതും തിരയിലേക്ക് ഇറങ്ങിയതും. ആദ്യം കണങ്കാൽ മുങ്ങുന്ന അത്രയും വെള്ളത്തിലാണ് ഇറങ്ങി നിന്നത്.
ആവേശം കൂടിയതോടെ കുറച്ചുകൂടി താഴേക്കു നീങ്ങി. എന്നാൽ, ശക്തമായ തിര അടിക്കാൻ തുടങ്ങിയതോടെ കടൽ പരിചയമില്ലാത്ത ഡാൽട്ടൺ പരിഭ്രാന്തനാകാൻ തുടങ്ങി.
അടുത്ത തിര അതിശക്തമായിരുന്നു. എങ്ങനെയും ഡാൽട്ടനെ പിടിച്ചു നിർത്താൻ ചീയെൻ ശ്രമിച്ചു. പക്ഷേ, തിര അദ്ദേഹത്തെ വലിച്ചു കടലിലേക്കു പോയി.
രക്ഷിക്കാൻശ്രമിച്ച ചിയെന്നും ഒപ്പം പോയി. ചീയെൻ മുകളിലേക്കു കുതിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അകലെക്കൂടി ഒരു ലൈഫ് ഗാർഡ് വാഹനം പോകുന്ന കണ്ട ചീയെൻ രക്ഷയ്ക്കായി അലറിവിളിച്ചു.
ഇതിനിടയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഡാൽട്ടണ്‍ രണ്ടാമതും ചീയെന്നിനെ പിടിച്ചു. ഈ സമയം ഡാൽട്ടൻ എന്റെ മുടിയിലായിരുന്നു പിടിച്ചത്.
അതിനാൽ എനിക്കു വെള്ളത്തിനു മുകളിലേക്കു കയറാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേരും മരിക്കുമെന്നു തോന്നി. എങ്ങനെയോ, അവന്റെ പിടിവിടുവിക്കാൻ എനിക്കു കഴിഞ്ഞു. – അവൾ ഒാർമിച്ചു.
ലൈഫ് ഗാർഡ് എത്തി രണ്ടു പേരെയും കരയിലെത്തിച്ചു. ഒരാൾ ഡാൽട്ടനു സിപിആർ നൽകുന്നത് അവൾ കണ്ടു.
ആശുപത്രിയിലെത്തിയ അവൾ ഡാൽട്ടനായി കാത്തിരുന്നു. പക്ഷേ, കാത്തിരിപ്പ് വെറുതെയായി. ഡാൽട്ടണ്‍ മരിച്ചിരുന്നു.
ഞാൻ ഭയന്നു
നടന്നത് അപകടമാണെന്ന് എനിക്കറിയാം. എന്നാലും ഡാൽട്ടനെ ഞാൻ അപകടപ്പെടുത്തിയെന്ന ആരോപണം വരുമോയെന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ ദയയോടെയാണ് എന്നോടു പെരുമാറിയത്. വിധവകൾക്കായി ഞാൻ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ഈ പുതിയ കുടുംബം പുലർച്ചെ മൂന്നിനു പോലും എനിക്കായി അവിടെയുണ്ട്.
സന്തോഷം കണ്ടെത്താൻ മെമ്മറി ബോക്സുകൾ നിർമിക്കുന്നു. ഡാൽട്ടന്റെ കല്ലറയിൽ ഞാൻ ഇടയ്ക്കിടെ എത്തുന്നുണ്ട്.
ഡാൾട്ടന്റെ ഏറ്റവും നല്ല സുഹൃത്തും ഭാര്യയും ആകാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. അതു വെറും മൂന്നു ദിവസങ്ങൾ മാത്രമായിരുന്നെങ്കിലും…