ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിലേക്കു നയിച്ചത് ഭർത്താവ് റെനീസിന്റെ നിരന്തര പീഡനമെന്ന് റിപ്പോർട്ട്.
വണ്ടാനം മെഡിക്കൽ കോളജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ (32) പീഡനങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജിലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
പത്തുവർഷം മുമ്പ് നടന്ന വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10 ലക്ഷവും ബൈക്കും നൽകിയിരുന്നു. ഇതു കൂടാതെ കൂടുതൽ പണം ആവശ്യപ്പെട്ട് നജിലയെ മാനസികമായി പീഡിപ്പിച്ചിരുന്നു.
പണം ലഭിക്കുന്നതിന് പലതവണ നജിലയെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതേത്തുടർന്ന് സ്ത്രീധനം കൂടാതെ പലപ്പോഴായി വൻതുകയും റെനീസിന് നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കുടുംബപ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ ഫോൺപോലും ഉപയോഗിക്കാൻ നൽകിയിരുന്നില്ല. ജോലിക്കായും അല്ലാതെയും പുറത്തു പോകുമ്പോൾ നജിലയെ മുറിയിൽ പൂട്ടിയിട്ടിരുന്നു.
മറ്റു സ്ത്രീകളുമായും റെനീസിന് അടുത്തബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. ഇതിനൊപ്പം ബന്ധുവായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദം ചെലുത്തി.
രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെ ചൊല്ലി തർക്കവും വഴക്കും പതിവായിരുന്നതായും റിപ്പോർട്ടിലുണ്ട്.
ആലപ്പുഴ എആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവദിവസംതന്നെ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത ഭർത്താവ് റെനീസ് (32) 24 വരെ റിമാൻഡിലാണ്.
സൗത്ത് സിഐയിൽ നിന്ന് കേസിന്റെ അന്വേഷണച്ചുമതല ഇന്നലെ ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിക്ക് കൈമാറി.
റെനീസിനെതിരേ നജിലയുടെ ബന്ധുക്കൾ പിന്നീട് സൗത്ത് സിഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. വിശദമായ അന്വേഷണത്തിനായി റിമാൻഡിലായ റെനീസിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ചോദ്യംചെയ്യാൻ നാളെ കോടതിയിൽ അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.