നാദാപുരം: മലയോര മേഖലയിലെ രണ്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ യോഗത്തിലെ ട്രൈബല്‍ ഓഫീസറുടെ പ്രസംഗം വിവാദമായി. ടൈബല്‍ പ്രമോട്ടര്‍മാരുടെ സ്ഥലം മാറ്റം പഞ്ചായത്തുകള്‍ അറിയാതെ നടന്നതാണെന്നും ഇത് ശരിയായ നടപടി അല്ലെന്നും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരായണി ചൂണ്ടിക്കാട്ടിയപ്പോള്‍ ട്രൈബല്‍ ഓഫീസര്‍ നല്കിയ മറുപടിയാണ് വിവാദമായത്. ഡിപ്പാര്‍ട്ട്മെന്റാണ് പ്രമോട്ടര്‍മാരെ നിയമിച്ചതെന്നും വകുപ്പിന് ഇഷ്ടമുള്ളപ്പോള്‍ മാറ്റുകയും മാറ്റാതിരിക്കുകയും ചെയ്യുമെന്നും ഇതൊന്നും പഞ്ചായത്തുകള്‍ അറിയേണ്ടെന്നും ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷനായ വേദിയില്‍ ഇദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ സംസാരിക്കാന്‍ ശ്രമിച്ച മറ്റൊരു പഞ്ചായത്ത് പ്രസിഡന്റിന്റെ സംസാരം ട്രൈബല്‍ ഓഫീസര്‍ തടസപ്പെടുത്തുകയും ചെയ്തു. ട്രൈബല്‍ ഓഫീസറുടെ പ്രസംഗത്തിന് ശക്തമായ രീതിയില്‍ നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.പവിത്രന് മറുപടി നല്‍കിയതോടെ യോഗത്തിലുണ്ടായിരുന്നവര്‍ ട്രൈബല്‍ ഓഫീസര്‍ക്ക് ശക്തമായ താക്കീത് നല്കി.
വനിതാ പ്രസിഡന്റിനെ അപമാനിക്കുന്നതാണ് ഓഫീസറുടെ പ്രസംഗമെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഒടുവില്‍ എംഎല്‍എ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്. പഞ്ചായത്തുകളുടെയും കോളനികളുടെയും വികസന പ്രവര്‍ത്തനങ്ങളിൽ ഭാഗഭാക്കായ ട്രൈബല്‍ പ്രമോട്ടര്‍മാരുടെ അന്യായമായ സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് യോഗത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കളക്ടറുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ പറഞ്ഞു .
ഒരാഴ്ച മുന്‍പാണ് മലയോര മേഖലയിലെ പ്രമോട്ടര്‍മാരെ അതാത് പഞ്ചായത്തുകളെപോലും അറിയിക്കാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയത്.കോളനികളില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനിടയിലെ സ്ഥലം മാറ്റം ദുരൂഹത ഉയര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന വന്‍ കിട സ്വകാര്യകമ്പനികളുടെ നിര്‍മാണങ്ങളിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തത് ചിലരെ ചൊടിപ്പിച്ചതായും ഇതാണ് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കോളനികളുടെ മുഖഛായ മിനുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണിച്ച പ്രമോട്ടര്‍മാരെയും “നാടുകടത്തി’യത്.
കോളനികളിലെ പ്രവൃത്തികളിലെ തട്ടിപ്പും, വെട്ടിപ്പും പുറത്തറിയാതിരിക്കാനാണ് സ്ഥല പരിചയം പോലുമില്ലാത്ത കിലോ മീറ്ററുകള്‍ അകലെ ഉള്ളവരെ നിയമിച്ചതെന്ന് ഊര് കൂട്ടങ്ങളിലെ അംഗങ്ങള്‍ പറഞ്ഞു. വാണിമേല്‍ , വളയം, നരിപ്പറ്റ, കാവിലും പാറ, പഞ്ചായത്തുകളിലെ പ്രമോട്ടര്‍മാരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുള്ളത്.ഇതിനിടെ ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥനുമായി വാണിമേല്‍ മേഖലയിലെ ഒരു പ്രമോട്ടറുമായി ഉണ്ടായ ഉടക്കാണ് സ്ഥലം മാറ്റങ്ങള്‍ക്ക് ഇടയാക്കിയതെന്നും പറയപ്പെടുന്നു.