കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പനങ്ങാട് പോലീസ് നടപടി ആരംഭിച്ചു.
പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ടിജു ജോര്‍ജ് തോമസിന് (33) എതിരേയാണു തൃശൂര്‍ സ്വദേശിനി പരാതി നല്‍കിയത്.
എറണാകുളം സൗത്ത് പോലീസില്‍ ലഭിച്ച പരാതി ഈ മാസം ഒന്നിന് പനങ്ങാട് സ്റ്റേഷനിലേക്ക് കൈമാറി.
വിവാഹ വെബ്സൈറ്റിലൂടെയാണ് യുവാവ് പരിചയപ്പെട്ടു ബന്ധം സ്ഥാപിച്ചതെന്നു യുവതി പരാതിയില്‍ പറഞ്ഞു.
മെസേജ് അയച്ച് വിവാഹത്തിന് താത്പര്യമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കൊച്ചിയിലെ ഇയാളുടെ ഫ്ളാറ്റിലെത്തി വിവാഹാലോചന നടത്തി. വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നുമാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്.
തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറഞ്ഞു.
ഇതിനിടെ ഇയാള്‍ വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ പിറന്നാള്‍ ആണെന്നും സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോര്‍ട്ടിലേക്ക് ക്ഷണിച്ചു.
അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നു യുവതി പറയുന്നു.
പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ നമ്മള് വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു. പിന്നീട് ഒരു തവണ കാറില്‍വച്ചു കൈയേറ്റം ചെയ്യുകയും പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു.
ഇതിനിടെ മറ്റൊരു യുവതിയുമായി ചേര്‍ത്തലയിലെ ഒരു വീട്ടില്‍ താമസിച്ചെന്ന് അറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് അത് ഇയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുന്നത്.
വഞ്ചിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞതോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി യുവതി പരാതി നല്കി.
ലൈംഗികപീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോര്‍ട്ടിലായതിനാല്‍ കേസ് പനങ്ങാട് സ്റ്റേഷനിലേക്കു കൈമാറി.
പ്രതി രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും പനങ്ങാട് പോലീസ് അറിയിച്ചു.