ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വർക്കൗട്ട് ചെയ്യാനുള്ള മടിയും ഊർജക്കുറവുമാണ് ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. അമിതഭാരം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. തെഴിലിടങ്ങളിലെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നു.
ഇപ്പോഴിതാ ചൈനയിലെ ഒരു കമ്പനി അമിത വണ്ണത്തിന് പരിഹാരമായി പുതിയൊരു മാർഗം കണ്ടുപിടിച്ചു. രാജ്യത്തെ ടെക് കമ്പനിയായ Insta360, ജീവനക്കാർക്കായി ഭാരം കുറയ്ക്കാനുള്ള പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്.
ശരീരഭാരം കുറയ്ക്കുന്ന ജീവനക്കാർക്ക് പ്രതിഫലമായി അവർ ഏകദേശം ഒരു ദശലക്ഷം യുവാൻ (US $140,000) ആണ് വാഗ്ദാനം ചെയ്യുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനാണ് കമ്പനിയുടെ ആസ്ഥാനം. 2023 ന്റെ തുടക്കത്തിലാണ് ഈ പ്രോഗ്രാം ആരംഭിച്ചത്, അതിൻ്റെ ഫലമായി 150 ജീവനക്കാർ ഭാരം കുറച്ചു.
മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ഒരു സെഷനിൽ 30 ജീവനക്കാരുണ്ട്. കൂടാതെ പൊണ്ണത്തടിയുള്ള ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അഞ്ച് ക്യാമ്പുകൾ ഇതുവരെ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കൂടാതെ, ഓരോ ക്യാമ്പും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
പങ്കെടുക്കുന്നവരെ ആഴ്ചതോറും തൂക്കിനോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി നഷ്ടപ്പെടുന്ന ഓരോ 0.5 കിലോയ്ക്ക് 400 യുവാൻ (US$55) നൽകുകയും ചെയ്തു. അംഗങ്ങളിൽ ആർക്കെങ്കിലും ഭാരം വർദ്ധിക്കുകയാണെങ്കിൽ, ഗ്രൂപ്പ് ബോണസ് നഷ്ടപ്പെടുത്തുകയും എല്ലാവർക്കും 500 യുവാൻ പിഴ നൽകുകയും ചെയ്യും. ഈ മൂന്ന് മാസത്തെ ക്യാമ്പുകളിൽ ഒരു ജീവനക്കാരനും ഭാരം കൂടിയിട്ടില്ലെന്നും പോർട്ടൽ റിപ്പോർട്ട് ചെയ്തു.