ടെന്നിസി: കഴിഞ്ഞ ചൊവ്വാഴ്ച ടെന്നിസിയിലുണ്ടായ ചുഴലി കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട 24 പേരിൽ വിൽസൺ കൗണ്ടിയിൽ നിന്നുള്ള ജയിംസ് – ഡോണാ ദമ്പതികളും. 58 വർഷത്തെ നീണ്ട ദാന്പത്യ ജീവിതത്തിനാണ് ചുഴലി കൊടുങ്കാറ്റ് അന്ത്യം കുറിച്ചത്.
85-ാം ജന്മദിനം ആഘോഷിക്കാൻ ബുധനാഴ്ച ഒരുങ്ങിയിരിക്കുമ്പോഴാണ് ജയിംസിനെ ഭാര്യ ഡോണയോടൊപ്പം ചുഴലി കൊടുങ്കാറ്റ് തട്ടിയെടുത്തത്.
മിറ്റ് ജൂലിയറ്റിൽ ഇവർ താമസിച്ചിരുന്ന വീടു കൊടുങ്കാറ്റിൽ നിലം പൊത്തിയപ്പോൾ ഇവർ കിടന്നിരുന്ന കിടക്കയിൽ നിന്നും ഇരുവരും എടുത്തെറിയപ്പെട്ടു. ഒടുവിൽ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അന്വേഷണം ആരംഭിച്ച രക്ഷാപ്രവർത്തകർക്ക് അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്നാണ് ഇതിനു നേതൃത്വം നൽകിയ പോലീസ് മേധാവി ടയ്ലർ ചാൻണ്ടലർ പറഞ്ഞു.
ദമ്പതികൾ ഇരുവരും മുഖത്തോടു മുഖം നോക്കി കൈകൾ കൂട്ടിപിടിച്ച നിലയിലായിരുന്നു മരണത്തിനു കീഴടങ്ങിയത്. വിവാഹം ഭൂമിയിൽ എങ്ങനെ ആയിരിക്കണം എന്നു ഗ്രാന്റ് പേരന്റ്സ് ഞങ്ങൾക്ക് മാതൃക കാട്ടിത്തന്നിരിക്കുകയാണെന്നു കൊച്ചുമകൻ ജാക്ക് ഹാർഡി മൂർ (24) പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹം, ത്യാഗം എന്നിവ അവരുടെ ജീവിതത്തിലൂടെ ഞങ്ങൾക്ക് കാട്ടിയിരുന്നു.
ജീവിതത്തിന്റെ വെല്ലുവിളികളെ അവർ ഒരുമിച്ചു നേരിട്ടു വിജയം കൈവരിച്ചു. ഇപ്പോൾ ഇതാ മരണത്തിലും അവർ ഒന്നിച്ചിരിക്കുന്നു – ജാക് പറഞ്ഞു. ജയിംസും ഡോണയും ഒന്നിച്ചു വൃദ്ധരായ രോഗികളെ സന്ദർശിക്കുക പതിവായിരുന്നുവെന്നും ജാക് കൂട്ടിച്ചേർത്ത
റിപ്പോർട്ട്: പി.പി. ചെറിയാൻ