ബലാല്‍സംഗക്കേസ് പ്രതിയ്ക്ക് ജാമ്യം നല്കാന് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് ബോബെ ഹൈക്കോടതി. കേസിലെ ഇരയെ കാണാതായ സാഹചര്യമാണ് നിലവിലുള്ളത്.
ഈ അവസരത്തില്‍ ഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്.
ഒരു വര്‍ഷം കഴിഞ്ഞാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ പ്രതിക്ക് ബാധ്യതയില്ലെന്നും ജസ്റ്റിസ് ഭാരതി ദാഗ്രെയുടെ ഏകാംഗ ബെഞ്ച് ഒക്ടോബര്‍ 12ലെ ഉത്തരവില്‍ പറയുന്നു.
യുവാവും 22കാരിയായ യുവതിയും തമ്മില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പുലര്‍ത്തിവരികയായിരുന്നു.
എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് അവരെ അവഗണിച്ചു. ഇതേതുടര്‍ന്നാണ് ബലാത്സംഗ, വഞ്ചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി പറയുന്നു.
2020 ഫെബ്രുവരിയിലാണ് യുവതി മുംബൈ പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കിയത്. 2018 മുതല്‍ തമ്മില്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരുടെയും കുടുംബങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും തടസ്സം പറഞ്ഞിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
2019ല്‍ താന്‍ ഗര്‍ഭിണിയായി. ഇക്കാര്യം യുവാവിനെ അറിയിച്ചതോടെ അയാള്‍ അവഗണിക്കാന്‍ തുടങ്ങി. ഗര്‍ഭിണിയായ കാര്യം വീട്ടുകാരെ അറിയിക്കുന്നതില്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വീട് വിട്ടിറങ്ങി.
2020 ജനുവരി 27ന് സിറ്റി ഹോസ്പിറ്റലില്‍ പ്രസവിച്ചു. ജനുവരി 30ന് ഒരു കെട്ടിടത്തിനു മുന്നില്‍ കുട്ടിയെ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചതിന് യുവതിക്കെതിരേ ഒരു കേസ് നിലവിലുണ്ട്.
പോലീസ് കേസായിരിക്കാം അവര്‍ ഒളിവില്‍ കഴിയാനുള്ള കാരണമെന്ന് കോടതി നിരീക്ഷിച്ചു. യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാമെന്നും യുവാവ് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരു ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുട്ടിയെ മറ്റൊരാള്‍ ദത്തെടുത്തുവെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.
ഈ കേസില്‍ സംഭവം നടക്കുമ്പോള്‍ ഇര പ്രായപൂര്‍ത്തിയായിരുന്ന ആളാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം തുടര്‍ന്നതെന്നും ഇര തന്നെ സമ്മതിച്ചിട്ടുണ്ട്.
ഇത് പരിഗണിച്ച് യുവാവിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഇരയെ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാകണമെന്നും അതിനു ശേഷമാണെങ്കില്‍ അവരുമായുള്ള വിവാഹത്തിന് പ്രതിക്ക് ബാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 25,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു.