കോട്ടയം: തനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസുകൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വപ്ന സിപിഎം സംസ്ഥാന സെക്രട്ടറിയെ വെല്ലുവിളിച്ചത്. ഗോവിന്ദന് കോടതിയിലേക്ക് സ്വാഗതം, നമുക്ക് കോടതിയിൽ കാണാമെന്നായിരുന്നു സ്വപ്നയുടെ വെല്ലുവിളി.
തന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ്. ഗോവിന്ദനെ കോടതിയിൽ കാണാൻ താൻ കാത്തിരിക്കുന്നുവെന്നും സ്വപ്ന കുറിച്ചു.
തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് സ്വപ്നയ്ക്കെതിരെ എം.വി. ഗോവിന്ദൻ മാനനഷ്ടക്കേസ് നൽകിയത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകള്‍ പ്രകാരം സ്വപ്നാ സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം.വി.ഗോവിന്ദന് 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഗോവിന്ദന് കോടതിയെ സമീപിച്ചത്.