സ്വന്തം ലേഖകന്‍
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ഉണ്ടാക്കിയ നീക്ക് പോക്ക് അവസാനിപ്പിക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി തീരുമാനം. നീക്കുപോക്കിനെ തെരഞ്ഞെടുപ്പിന് ശേഷം പരസ്യമായി കോണ്‍ഗ്രസ് നേതൃത്വം തന്നെ തള്ളിപറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
സംസ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെ അദ്ദേഹവുമായി സംസാരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടുവന്ന സൗഹൃദാന്തരീക്ഷത്തില്‍ അത്തരം നീക്കുപോക്കുകള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.
യുഡിഎഫിന് പരാജയം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉള്ള ആളാണ് മുല്ലപ്പള്ളി. അതില്‍ നിന്നും രക്ഷപ്പെടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പഴിചാരുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായായിരുന്നു.
രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമല്ല.ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയിട്ടോ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയോ സമീപിച്ചിട്ടില്ല.
നിയമസഭ പാര്‍ലമെന്റ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകും. യുഡിഎഫുമായി ഇപ്പോഴോ നേരത്തേയോ സഖ്യമില്ല.
ഇനി അതിന്റെ ആവശ്യമില്ല. തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നും ഹമീദ് പറഞ്ഞു.
അതേസമയം നീക്കുപോക്കുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളില്‍ നിന്നു തന്നെ വെല്‍ഫയര്‍പാര്‍ട്ടിക്ക് ശക്തമായ വിമര്‍ശനം എല്ക്കുകയും സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നറിയുന്നു.
കേരള യാത്രയുടെ ഭാഗമായി വിവിധ രാഷ്ട്രീയ സാമൂദായിക സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കിയതും പാര്‍ട്ടിക്ക് ക്ഷീണമായി മാറിയെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് പിന്മാറ്റം.