എത്രയൊക്കെ പുരോഗമനം ഉണ്ടെന്നു പറഞ്ഞാലും മനുഷ്യൻ ഇപ്പോഴും പ്രേതത്തിൽ വിശ്വസിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം തായ്ലൻഡിൽ നടന്നത്. ഉപയേഗ ശൂന്യമായി കിടന്ന കിണറിൽ യാദൃശ്ചികമായി ലിയു ചുവാനി എന്ന 22 -കാരൻ അകപ്പെട്ടു. എത്രയൊക്കെ പരിശ്രമിച്ചിട്ടും യുവാവിന് മുകളിലെത്താൻ കഴിഞ്ഞില്ല.
അവിടെ കിടന്ന് പ്രാണരക്ഷാർഥം യുവാവ് നിലവിളിച്ചു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. യുവാവിന്റെ നിലവിളി കേട്ട് ബാക്കിയുള്ളവർ കരുതിയത് കിണറ്റിൽ പ്രേതബാധ ഉണ്ടെന്നാണ്. ഭയന്നുവിറച്ച നാട്ടുകാർ കിണറിന് സമീപത്തേക്ക് പോലും പോകാതെയായി.
അതോടെയാണ് തളർന്ന് അവശനായ യുവാവ് മൂന്നുദിവസം രക്ഷപ്പെടാനാവാതെ കിണറിനുള്ളിൽ തന്നെ അകപ്പെട്ടുപോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തു. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. വിവർത്തകരുടെ സഹായത്തോടെ പോലീസ് ഇയാളോട് സംസാരിച്ചു.