തിരുവനന്തപുരം: പ്രളയ ബാധയുടെ ദുരന്തമേറ്റുവാങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു. ഈ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞെന്നും അമ്ലഗുണം കൂടിയെന്നുമുള്ള പഠന റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജന്‍ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളില്‍നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.
പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം കിണര്‍ വെള്ളത്തില്‍ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നല്‍കിയ കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.
6.5 മുതല്‍ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര- ദേശീയ നിലവാരത്തില്‍ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയില്‍ പെരിയാറിന്റെ കരയില്‍ വ്യവസായമേഖലകളോടു ചേര്‍ന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവില്‍ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂര്‍ മേഖലയിലെ സാംപിളുകളില്‍ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.
കിണറുകളിലെ ചെളിയുടെ തോതും ശരാശരി 30% വരെ വര്‍ധിച്ചു. ഓക്സിജന്റെ അളവും പരിധിയില്ലാത്ത വിധം താഴ്ന്നു. ശേഖരിച്ച സാംപിളുകള്‍ രാസപരിശോധനയ്‌ക്കൊപ്പം മൈക്രോബയോളജി പരിശോധനയ്ക്കും വിധേയമാക്കിയപ്പോള്‍ 90% കിണറുകളിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളില്‍ ക്ലോറിനേഷനും സൂപ്പര്‍ക്ലോറിനേഷനും നടത്തുക, ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.
വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേര്‍ന്ന മിശ്രിതം കിഴികെട്ടി ആഴ്ചയില്‍ നാലു ദിവസമെന്ന തോതില്‍ വെള്ളത്തില്‍ താഴ്ത്തി കിണര്‍ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫില്‍ട്ടര്‍ രീതിയും ഫലപ്രദമാണ്. ക്ലോറിനേഷനും സൂപ്പര്‍ക്ലോറിനേഷനും ഫില്‍ട്ടറിങ്ങും നടത്തിയ വെള്ളം ഉപയോഗിച്ചു തുടങ്ങിയ ശേഷവും പരിശോധന നടത്തണം. വൃത്തിയുള്ള കുപ്പിയിലെടുത്തു വെള്ളം രണ്ടു മണിക്കൂറിനകം എത്തിച്ചാല്‍ സര്‍വകലാശാലയില്‍ പരിശോധിക്കാനാകും. കുട്ടനാട്ടിലെ ജലത്തിനുണ്ടായ മാറ്റത്തെപ്പറ്റി പ്രത്യേക പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.