ടെൽ അവീവ്: ഇസ്രേലി സേന അധിനിവേശ വെസ്റ്റ് ബാങ്കിൽ വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. ജനിൻ, തുൽക്കറം, നാബ്ലുസ്, ടുബാസ് എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള നടപടിയിൽ കുറഞ്ഞത് ഒന്പതു പേർ മരിച്ചതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
ഇസ്രേലി സേന പതിറ്റാണ്ടുകൾക്കു ശേഷമാണു പ്രമുഖ പലസ്തീൻ നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ട് സൈനികനീക്കം നടത്തുന്നത്.
ജനിൻ, തുൽക്കറം എന്നിവടങ്ങളിൽ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദകേന്ദ്രങ്ങളാണു പ്രധാന ലക്ഷ്യമെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. ഇസ്രയേലിനെതിരേ വെസ്റ്റ്ബാങ്കിൽ പുതിയ യുദ്ധമുന്നണി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ഇസ്രേലി സൈനിക നീക്കം ഏറ്റുമുട്ടലുകളിൽ കലാശിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ജനിൻ അഭയാർഥി ക്യാന്പിൽ ഏറ്റുമുട്ടലുണ്ടായി. ജനിനിലേക്കുള്ള പ്രധാന പാത അടച്ചു. ജനിനിലെ ഒരാശുപത്രിയിൽ ഇസ്രേലിസേന പ്രവേശിച്ചു.
തുൽക്കറമിലെ രണ്ട് ആശുപത്രികൾ ഉപരോധിക്കുന്നു. നാബ്ലുസിലെ രണ്ട് അഭയാർഥി ക്യാന്പുകൾ ലക്ഷ്യമിട്ടാണു സൈനിക നടപടി.ടുബാസിൽ ഇസ്രേലി സേന നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.