കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേര് ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. കാഞ്ചന്‍ജംഗ എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപെട്ടത്. സിഗ്നല്‍ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിന്‍ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡോക്ടര്‍മാരെയും സംസ്ഥാനദുരന്ത നിവാരണസേനാ അംഗങ്ങളെയും സ്ഥലത്തേക്ക് അയച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ഡല്‍ഹിയിലിരുന്ന് അപകടത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി.
ബംഗാളിനെ സംസ്ഥാനത്തെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. ഡാർജിലിംഗിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ അടക്കം ഈ ട്രെയിനിനെ ആണ് ആശ്രയിക്കുന്നത്. അപകടത്തിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.