മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടി.
മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റർമാരായ യശസ്വി ജയ്സ്വാൾ, തിലക് വർമ, മീഡിയം പേസർ മുകേഷ് കുമാർ എന്നിവർ ടീമിൽ ഇടം നേടി. മൂവരും ആദ്യമായാണ് ഇന്ത്യൻ ട്വന്റി-20 ടീമിൽ എത്തുന്നത്.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. കോഹ്ലി, രോഹിത് എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയും ടീമിലില്ല.
2022 ട്വന്റി-20 ലോകകപ്പിൽ പുറത്തായശേഷം കോഹ്ലിയും രോഹിതും ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ല. അജിത് അഗാർക്കർ ചീഫ് സെലക്ടറായ ശേഷം പ്രഖ്യാപിച്ച ആദ്യ ടീമാണ്.
ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.