കോഴിക്കോട്: കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ പനി ലക്ഷണങ്ങളോടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത് കുമാർ. രോഗം സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച്ച സമയമെടുക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. രോഗം നിപ്പാ വൈറസ് പോലെ അത്ര തീവ്രമല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പും അറിയിച്ചു.
വെസ്റ്റ് നൈൽ പനി ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിയായ 24 കാരിയെ കഴിഞ്ഞ 13നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണത്തെ തുടർന്ന് ഇവരുടെ ശ്രവങ്ങളുടെ സാന്പിൾ പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ആദ്യ സാമ്പിള്‍ പരിശോധനാഫലം പോസിറ്റീവായാണ് സ്ഥിരീകരിച്ചത്.
എന്നാല്‍ രണ്ടാമത്തെ സാമ്പിള്‍കൂടി പരിശോധിച്ചമശഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയൂള്ളൂവെന്ന് ഡിഎംഒ വി. ജയശ്രീ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആദ്യഫലം വന്നതിനുശേഷം പത്ത് മുതല്‍ 14 ദിവസം കഴിഞ്ഞുമാത്രമേ രണ്ടാമത്തെ പരിശോധന നടത്താന്‍ കഴിയൂ. അതേസമയം ചികിത്സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടുവരുന്നതായും ഡിഎംഒ അറിയിച്ചു.
കടുത്ത പനിയതുടര്ന്നാണ് ഇവരെ കഴിഞ്ഞ 13ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തം പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. സമാന രോഗ ലക്ഷണങ്ങളുമായി മറ്റൊരാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ നീരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് നൈല്‍ പനി ജപ്പാന്‍ജ്വരത്തിന് സമാനമാണെന്നും ഭീതിവേണ്ടെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി. അരുണ്‍ അറിയിച്ചു.
1960 മുതല്‍ വെസ്റ്റ് നൈല്‍ പനി രാജ്യത്ത് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും പനി നേരത്തെ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കൊതുകുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. നെല്‍വയല്‍ പാടങ്ങളിലെ കൊക്കുകളില്‍ ഇതിന്റെ വൈറസ് കണ്ടെത്തിയിരുന്നു. പ്രത്യേക മരുന്നുകളോ മറ്റൊന്നും തന്നെ വെസ്റ്റ്നൈല്‍ പനിക്കായി കണ്ടെത്തിയിട്ടില്ല.
സാധാരണയായി 50 വയസിനു മുകളിലുള്ളവരിലാണ് വൈറസ്ബാധ കണ്ടുവരുന്നതെന്നും ഡോ. അരുണ്‍ പറഞ്ഞു. രണ്ടു മാസം മുമ്പ് ആലപ്പുഴയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാക്കകളോ മറ്റു പക്ഷികളോ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കാണുകയാണെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
എന്താണ് വെസ്റ്റ് നൈല്‍?
1937-ല്‍ ആദ്യമായി ഉഗാണ്ടയിലാണ് വെസ്റ്റ് നൈല്‍പനി സ്ഥീരികരിച്ചത്. പക്ഷികളാണ് രോഗവാഹകര്‍. പക്ഷികളെകടിക്കുന്ന കൊതുകുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്കെത്തുന്നത്.പനി,തലവേദന,ഛര്‍ദ്ദി എന്നിവയെല്ലമാണ് രോഗലക്ഷണങ്ങള്‍ . പ്രധാനമായും പനിക്കൊപ്പം കടുത്ത തലവേദന പ്രാരംഭഘട്ടത്തില്‍ അനുഭവപ്പെടും. രോഗം മൂര്‍ച്ഛിച്ചാല്‍ മസ്തിഷ്കജ്വരമോ മരണമോ സംഭവിക്കാം. വെസ്റ്റ് നൈല്‍ വൈറസിനുള്ള പ്രതിരോധവാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.കൊതുകുകടി കൊള്ളാതെ നോക്കുക എന്നതാണ് പ്രധാനം.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വെസ്റ്റ് നൈല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മനുഷ്യരെ കൂടാതെ കുതിരകളിലേക്കും ഈ വൈറസ് പടരും. രക്ത അവയവദാനത്തിലൂടെയും അമ്മയില്‍നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം.
എന്നാല്‍ നേരിട്ട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച 75 ശതമാനം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. എന്നാല്‍ 20 ശതമാനം പേര്‍ക്ക് ചെറിയ പനി, തലവേദന, ഛര്‍ദി, തടിപ്പ് എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്ക് മസ്തിഷ്ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്.
അസുഖം ഭേദമാകാന്‍ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാല്‍ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായി പിടിപെടുന്നതെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു. പ്രായമേറിയവര്‍ക്ക് രോഗം പിടിപെട്ടാന്‍ കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചുപേകാനുള്ള സാധ്യതയും നിലനില്ക്കുന്നു.