കോൽക്കത്ത: പശ്ചിമബംഗാളിൽ റിമാൽ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ രാത്രി കരതൊട്ടു. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. തീരദേശജില്ലയായ സൗത്ത് 24 പര്‍ഗാനാസില്‍ നിരവധി മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണു.
തീരപ്രദേശങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരദേശമേഖലകളിൽ കനത്ത മഴയാണു പെയ്തത്. നാളെ വരെ കനത്ത മഴ തുടരുമെന്നും ജാഗ്രത കാട്ടണമെന്നും അധികൃതർ അറിയിച്ചു.
നോർത്ത്- സൗത്ത് 24 പർഗാനാസ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോൽക്കത്ത, ഹൗറ, നാദിയ, വെസ്റ്റ് മിഡ്നാപ്പുർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം, റിമാൽ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു.