രോഹിത്തിനും റായിഡുവിനും സെഞ്ചുറി; വിൻഡീസിന് മുന്നിൽ റണ്‍മല

മുംബൈ: രോഹിത് ശർമ, അന്പാട്ടി റായിഡു എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശർമ (162), അന്പാട്ടി റായിഡു (100) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടിയ നായകൻ വിരാട് കോഹ്ലിക്ക് ബാറ്റ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രോഹിതും ശിഖർ ധവാനും ചേർന്ന് 71 റണ്‍സിന്‍റെ തുടക്കം നൽകുകയും ചെയ്തു. ധവാൻ (38) വീണതോടെ എത്തിയ കോഹ്ലിക്ക് പക്ഷേ, ഇന്ന് തിളങ്ങാനായില്ല. തുടർച്ചയായ നാലാം സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി 16 റണ്‍സുമായി മടങ്ങി.

തുടർന്ന് ഒത്തുചേർന്ന രോഹിത്-റായിഡു സഖ്യം റണ്‍സ് അടിച്ചൂകൂട്ടുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 211 റണ്‍സാണ് സ്കോർ ചെയ്തത്. ഇതിനിടെ രോഹിത് ഏകദിനത്തിലെ 21-ാം സെഞ്ചുറിയും റായിഡു മൂന്നാം സെഞ്ചുറിയും കുറിച്ചു.

137 പന്തിൽ 20 ഫോറും നാല് സിക്സും ഉൾപ്പടെയാണ് രോഹിത് 162 റണ്‍സ് നേടിയത്. റായിഡു 81 പന്തിൽ എട്ട് ഫോറും നാല് സിക്സും ഉൾപ്പടെയാണ് സെഞ്ചുറി പൂർത്തിയാക്കിയത്.

വാലറ്റത്ത് ധോണിയും കേദാർ ജാദവും തകർത്തടിച്ചതോടെ അവസാന ഓവറുകളിൽ സ്കോർ കുതിച്ചുകയറി. ധോണി 23 റണ്‍സ് നേടി പുറത്തായപ്പോൾ ജാദവ് ഏഴ് പന്തിൽ 16 റണ്‍സോടെ പുറത്താകാതെ നിന്നു. വിൻഡീസിന് വേണ്ടി കീമർ റോച്ച് രണ്ടു വിക്കറ്റ് വീഴ്ത്തി.

Related posts