തിരുവനന്തപുരം: ക്രിക്കറ്റ് ഏകദിന പോരാട്ടത്തിന്റെ ആരവം തിരുവനന്തപുരത്തേയ്ക്ക്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ആര്‍ക്കെന്നു നിര്‍ണയിക്കുന്ന അഞ്ചാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്ത് എത്തും.
കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിനായി ഇന്ന് ഉച്ചയ്ക്ക് 12.30 നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ടീമുകള്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് താമസ സ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്ക് പോകും.
നാളെ രാവിലെ ഒന്‍പതു മുതല്‍ 12 വരെ ടീമുകള്‍ കാര്യവട്ടത്ത് പ്രാക്ടീസ് നടത്തും.ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ മത്സരം കാണാനായി എത്തും. സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുന്‍കാലതാരങ്ങളും കാര്യവട്ടത്ത് മത്സരം കാണാനായി എത്തുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പരമാവധി സീറ്റുകള്‍ ക്രമീകരിക്കുമെന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
അപ്പര്‍ ടയറിലെ 2000 സീറ്റുകള്‍ കൂടിയാണ് വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ചത്. 500 രൂപയാണ് വിദ്യാര്‍ഥികള്‍ക്കായുള്ള ടിക്കറ്റ് നിരക്ക്. അപ്പര്‍ ടയര്‍ ഈസ്റ്റ് ബ്ലോക്ക് എഫിലാണ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. പേടിഎം, ഇന്‍സൈഡര്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാനത്തെ 2700 അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പണം നല്കിയാല് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പനയില്ല.
www.paytm.com, www.insider.in എന്നീ വെബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 ,2000, 3000 (സ്പെഷല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാന്‍ കഴിയൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓൺലൈന്‍ ലിങ്ക് കെസിഎ വെബ്സൈറ്റിലും ലഭ്യമാണ്.
പേടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നു പരമാവധി ആറ് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.