ആന്റ്വിഗ: വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. 11 റണ്ണിനാണ് കരീബിയൻ പട പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ വിൻഡീസിനെ 189ൽ ഒതുക്കിയ ഇന്ത്യ, അനായാസ ജയപ്രതീക്ഷയോടെയാണ് മറുപടി ബാറ്റിംഗിനിറങ്ങിയത്. എന്നാൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. സ്കോർബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്കു നഷ്ടമായി. അഞ്ച് റൺസായിരുന്നു ഇടംകൈയന്റെ സംഭാവന. നായകൻ കോഹ്ലി (മൂന്ന്), ദിനേഷ് കാർത്തിക് (രണ്ട്) യാദവ് (10) എന്നിങ്ങനെ വന്നവരെല്ലാം വേഗത്തിൽ കൂടാരത്തിൽ തിരിച്ചെത്തി.
പിടിച്ചു നിൽക്കാൻ അല്പമെങ്കിലും ശ്രമിച്ചത്. രഹാനെയും (60) ധോനിയും (54) മാത്രമായിരുന്നു. എന്നാൽ ധോനി പുറത്തായതോടെ ഇന്ത്യയുടെ അവശേഷിച്ച ഏക പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 116 എന്ന നിലയിൽ വിജയത്തിലേക്ക് മെല്ലെ നീങ്ങിയ നീലപ്പടയാണ് 62 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് വിൻഡീസിന് വിജയം സമ്മാനിച്ചത്.
9.4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ പിഴുതെറിഞ്ഞി ജസൻ ഹോൾഡറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഹോൾഡർ തന്നെയാണ് മാൻ ഓഫ് ദ മാച്ചും. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവശേഷിക്കുന്ന മത്സരം വ്യഴാഴ്ച കിംഗ്സ്റ്റണിൽ നടക്കും.
നേരത്തെ, ടോസ് ജയിച്ച് ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടടത്തിലാണ് 189 റണ്‍സ് എടുത്തത്. ആതിഥേയർക്കായി മുൻനിര ബാറ്റ്സ്മാന്മാരായ എവിൻ ലെവിസ് (35), കെയ്ൽ ഹോപ് (35), ഷായി ഹോപ് (25), റോസ്റ്റണ്‍ ചെയ്സ് (24) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ലെവിസും കെയ്ൽ ഹോപും ഒന്നാം വിക്കറ്റിൽ 17.2 ഓവറിൽ 57 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് സ്വന്തമാക്കിയ കുൽദീപ് യാദവുമാണ് വിൻഡീസ് ഇന്നിംഗ്സ് 189ൽ ഒതുക്കിയത്. പത്ത് ഓവർ വീതം എറിഞ്ഞ ഉമേഷ് യാദവ് 36 റണ്‍സും പാണ്ഡ്യ 40 റണ്‍സും വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ചത്.അവസാനത്തെ 83 പന്തിൽ ഒരു ബൗണ്ടറിപോലും നേടാൻ വിൻഡീസിനായില്ല.
മുൻ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായായിരുന്നു ഇന്ത്യ ഇറങ്ങിയത്. ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവർ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു. യുവരാജ് സിംഗ്, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവർക്ക് പകരമായാണ് മൂവരും എത്തിയത്. ആതിഥേയർ ഒരു മാറ്റവുമായാണ് ടീമിനെ ഇറക്കിയത്. മിഗ്വെൽ കമ്മിൻസിനു വിശ്രമം അനുവദിച്ച് പകരം അൽസാരി ജോസഫിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.