ന്യൂഡൽഹി: നിയമങ്ങൾ ദുരപയോഗം ചെയ്തു ഭർത്താക്കൻമാരെ ഉപദ്രവിക്കുന്ന ഭാര്യമാരെക്കുറിച്ചുള്ള പരാതികളുടെ പരിഹാരത്തിന് പ്രത്യേക സമിതി വേണമെന്ന് ബിജെപി എംപിമാർ. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിമാരായ ഹരിനാരായണ്‍ രാജ്ബറും അൻസുൽ വർമയുമാണ് പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
പുരുഷൻമാരും ഭാര്യമാരിൽ നിന്നും അക്രമം ഏറ്റുവാങ്ങുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകൾ കോടതിയിലും കെട്ടിക്കെടക്കുന്നുണ്ട്. വനിതകൾക്ക് നീതി ഉറപ്പാക്കുന്നതിനായി ആവശ്യത്തിനു നിയമങ്ങളും സമിതികളുമുണ്ട്. എന്നാൽ, പീഢനം ഏൽക്കുന്ന പുരുഷൻമാർക്ക് മാത്രമായി ഒരു സമിതിയില്ല. അതിനാൽ വനിത കമ്മീഷൻ പോലെ പുരുഷ കമ്മീഷനും വേണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ആവശ്യമായ ഭേദഗതികൾ വരുത്തണം. ഇത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്. ഈ വകുപ്പ് പുരുഷൻമാർക്കെതിരേയുള്ള ഒരായുധമാക്കിയാണ് സ്ത്രീകൾ ഉപയോഗിക്കുന്നത്.
1998 മുതൽ 2015 വരെ ഈ വകുപ്പ് പ്രകാരം 27 ലക്ഷം പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. തങ്ങൾ എല്ലാ വിഷയത്തിലും തുല്യത വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഗാർഹിക പീഡനം സംബന്ധിച്ച പരാതികളിൽ പുരുഷൻമാർക്കും തുല്യ നീതി ലഭിക്കണമെന്നും എംപിമാർ പറയുന്നു.