സ്വന്തം ലേഖിക
കണ്ണൂർ: ഉന്നതരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ നിരവധി പേരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടത്.
മന്ത്രിമാരോ പോലീസിന്റെ തലപ്പത്തുള്ളവരോ ഉന്നത പദവികൾ വഹിക്കുന്നവരോ ആണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പിന്റെ പ്രധാന ഇര.
ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആദ്യം അവരുമായി അടുത്ത ബന്ധമുള്ള എല്ലാവർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും.
സൗഹൃദസംഭാഷണത്തിലൂടെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുക്കും. പിന്നീട് ചികിത്സാസഹായങ്ങളോ സാന്പത്തികസഹായങ്ങളോ മറ്റോ വേണമെന്ന് വിശ്വസിപ്പിച്ചെടുത്ത് പണം തട്ടലാണ് ഇവരുടെ രീതി.
പതിനായിരം രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ ഇവർ ഇങ്ങനെ തട്ടിയെടുക്കുന്നുണ്ട്.
പലരും നേരിട്ടോ ഫോണിലോ അവരുമായി ബന്ധപ്പെടുന്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്.
പിന്നീട് ഈ തട്ടിപ്പുവീരൻമാരെക്കുറിച്ച് അന്വേഷിച്ചാൽ പൊടിപോലും കിട്ടുകയുമില്ല. ഇത്തരത്തിൽ നിരവധി കേസുകളിലാണ് തുന്പില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്.
ഉന്നത പോലീസുദ്യോഗസ്ഥരുടെ പേരിൽത്തന്നെ നിരവധി തവണ പണം തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ പോലീസ് മേധാവി (റൂറൽ) നവനീത് ശർമയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് ഉണ്ടാക്കിയയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. മാത്രമല്ല വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
പണം ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നതിൽ കൂടുതലും ഉത്തരേന്ത്യയിൽനിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആരെല്ലാമാണ് ഇതിനുപിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി (റൂറൽ) നവനീത് ശർമ പറഞ്ഞു.
വ്യാജ അക്കൗണ്ട് എങ്ങനെ
ഒരാളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നത് ഓൺലൈൻ തട്ടിപ്പുവീരൻമാർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്.
ഒരാൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് പ്രൊഫൈൽ ഫോട്ടോയും കവർഫോട്ടോയും സേവ് ചെയ്തെടുത്ത് തട്ടിപ്പുവീരൻമാർ അവരുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കുന്നു.
അതിൽനിന്നും ആ വ്യക്തിയുമായി അടുത്ത സുഹൃദ് ബന്ധമുള്ളവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു.
എന്നിട്ട് അവരോട് മറ്റേ അക്കൗണ്ടിൽ ഒരുപാട് സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് എപ്പോഴും ഉപയോഗിക്കാൻ പറ്റില്ലെന്നും.
അതുകൊണ്ട് അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടാക്കിയതാണെന്നും പറയുന്നു. പിന്നീട് സൗഹൃദ സംഭാഷണത്തിലൂടെ ഇവരുടെ വിശ്വാസം പിടിച്ചുപറ്റുന്നതാണ് ഇവരുടെ രീതി.
പണം തട്ടുന്ന രീതി
വ്യാജ അക്കൗണ്ടിലൂടെ വിശ്വാസം പിടിച്ചുപറ്റി പണം തട്ടിയെടുക്കലാണ് ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം.
സൗഹൃദസംഭാഷണത്തിനിടയിൽ കുടുംബപ്രാരാബ്ദങ്ങളും രോഗങ്ങളും അതുമല്ലെങ്കിൽ കുടുംബക്കാർക്കോ സുഹൃത്തുക്കൾക്കോ ചികിത്സാസഹായം വേണമെന്നും പറഞ്ഞ് പണം ആവശ്യപ്പെടും.
പലരും വ്യാജ അക്കൗണ്ടാണെന്ന് അറിയാതെ പണം നൽകും. പിന്നീട് ഇവർ നേരിട്ടോ ഫോണിൽ സംസാരിക്കുന്പോഴോ ആണ് പണം നഷ്ടമായെന്ന് മനസിലാകുന്നത്.
ഇത്തരത്തിൽ നിരവധിയാളുകളുടെ പണമാണ് നഷ്ടപ്പെട്ടത്. ഇതിൽ സാധാരണക്കാരും ഉന്നതരും ഉൾപ്പെടുന്നുണ്ട്.
അതേസമയം ഇന്നത്തെ തലമുറയുടെ ഇഷ്ട ഗെയിമായ ഫ്രീ ഫയറിലൂടെയും ഈ സംഘം പലരുടെയും പണം തട്ടിയെടുക്കുന്നുണ്ട്. ഗെയിമിൽ തുടരണമെങ്കിൽ അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്വേഡും നൽകണമെന്ന് പറയും.
ഗെയിം കളിക്കാനായി കുട്ടികൾ മാതാപിതാക്കൾ അറിയാതെതന്നെ ഇത് നൽകുന്നു. അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുന്പോഴാണ് സംഭവം മാതാപിതാക്കൾ അറിയുന്നുണ്ടാകുക.
ഇതുപോലെ നിരവധി കേസുകൾ ദിനംപ്രതി സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജാഗ്രതവേണം
വ്യാജഅക്കൗണ്ടുകളും ഹാക്കർമാരും സോഷ്യൽമീഡിയയെ പിടിമുറുക്കുകയാണ്. കബളിപ്പിക്കപ്പെടുന്നവരിൽ സാധാരണക്കാരെന്നോ ഉന്നതരെന്നോ വ്യത്യാസമില്ല. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് അറിയാവുന്നവരാണ് കൂടുതലായും കബളിപ്പിക്കപ്പെടുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നോ വ്യാജ അക്കൗണ്ട് ഉണ്ടെന്നോ തോന്നിയാൽ അപ്പോൾത്തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കണം. സോഷ്യൽ മീഡിയ വഴി നിങ്ങളുടെ സുഹൃത്തുക്കളോ നിങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമോ പണം ആവശ്യപ്പെട്ടാൽ അവരെ നേരിട്ടു വിളിച്ച് കാര്യം തിരക്കണം. ഉറപ്പുവരുത്തിയിട്ട് മാത്രമേ പണം അയച്ചു നൽകാവൂ.