കൊച്ചി: ഇന്ന് ലോക തിമിംഗലസ്രാവ് ദിനം. സൗമ്യനായ ഭീമമത്സ്യം എന്നറിയപ്പെടുന്ന ഇവ വംശനാശ ഭീഷണിയിലാണ്. തിമിംഗലസ്രാവിന്റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. സ്രാവ്-തിരണ്ടി ഇന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന ഗവേഷണപദ്ധതിക്കു കീഴിലാണ് ബോധവത്കരണം.
കടലിലെ ഘടനയിലും പ്രതിഭാസങ്ങളിലും അടുത്തിടെ വന്ന വ്യത്യാസങ്ങള്‍ തിമിംഗലസ്രാവുകളെ സാരമായി ബാധിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം, ഉപയോഗശൂന്യമായ വലകള്‍, കാലാവസ്ഥാവ്യതിയാനം, കടലിലെ വര്‍ധിച്ചുവരുന്ന ചരക്കുനീക്കം, സഞ്ചാരപാതകള്‍ എന്നിവ പലപ്പോഴും ഇവകള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിയ നിരന്തരമായ ബോധവത്കരണം ഫലം കാണുന്നുണ്ട്. ഇതേത്തുടര്‍ന്ന്, വലയില്‍ കുടുങ്ങുന്ന തിമിംഗലസ്രാവുകളെ തിരിച്ചു കടലില്‍ തുറന്നുവിടുന്ന രീതി വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ഇവയെ പിടിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. പരമാവധി 21 മീറ്റര്‍ വരെ വലിപ്പവും 42 ടണ്‍ വരെ ഭാരവും കൈവരിക്കുന്ന തിമിംഗലസ്രാവ് നിരുപദ്രവകാരിയാണ്.
ബോധവത്കരണം ലക്ഷ്യമിട്ട് ഇത്തവണത്തെ ലോക തിമിംഗലസ്രാവ് ദിനം സിഎംഎഫ്ആര്‍ഐ വൈപ്പിന്‍ ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ആചരിക്കും.
ഈ സ്രാവിന്റെ പ്രത്യേകതകള്‍ പരിചയപ്പെടുത്തുന്ന ബോധവത്കരണ ക്ലാസുകള്‍, പ്രശ്നോത്തരി, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.