തലശേരി: കോളയാട് കോൺഗ്രസിൽ ഗ്രൂപ്പ് പോരിനെ തുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ നേതാക്കളെ വേശ്യകളെന്ന് വിളിച്ച കോൺഗ്രസ് നേതാവിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി.
വനിതാ നേതാക്കളെ അപമാനിച്ചതുൾപ്പെടെയുള്ള വാട്സ് ആപ്പ് സന്ദേശ പ്രചാരണം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ വേശ്യാ പ്രയോഗം നടത്തിയ വിവാദ നേതാവിനെ സംരക്ഷിക്കാൻ കണ്ണൂരിലെ ഉന്നതനായ ഗ്രൂപ്പ് നേതാവ് രംഗത്തെത്തിയതായും പറയുന്നു.
മണ്ഡലം ചുമതലയുള്ള കോഴിക്കോട് ജില്ലയിലെ കെപിസിസി നേതാവിനെ വിളിച്ച ഉന്നതൻ വേശ്യാ പ്രയോഗം നടത്തിയ നേതാവ് തന്റെ ആളാണെന്നും നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
തങ്ങളെ വേശ്യകളെന്നു വിളിച്ച നേതാവിനെ സംരക്ഷിക്കുന്ന ഉന്നതന്റെ വീട്ടിലേക്ക് തങ്ങൾ മാർച്ച് നടത്തുമെന്ന് വനിതാ നേതാക്കൾ കെപിസിസിയെ അറിയിച്ചു.
ഉന്നത നേതാവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന വനിതാ നേതാക്കളുടെ പ്രഖ്യാപനം കൂടി വന്നതോടെ വാട്സ് ആപ്പ് പോസ്റ്റ് വിവാദം കൂടുതൽ രൂക്ഷമാകുകയാണ്. സംഭവം സംബന്ധിച്ച് വനിതാ നേതാക്കൾ തലശേരി ഡിവൈഎസ്പി മൂസ വളളിക്കാടന് പരാതി നല്കിയിരുന്നു.
ധർമടം, പിണറായി, പന്ന്യന്നൂർ, കോളയാട്, മാലൂർ പഞ്ചായത്തുകളിലേക്ക് മത്സരിച്ച വനിതാ നേതാക്കളാണ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുള്ളത്.
പോലീസിനു പുറമെ പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി യു.എം. ചന്ദ്രൻ തുടങ്ങിയവർക്കും വനിതാ നേതാക്കൾക്കും പരാതി നൽകിയിരുന്നു.