ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം. ചെന്നൈയിൻ എഫ്സിയെ അവരുടെ കളത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർത്തു.
ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് ചെന്നൈയിനെ ചെന്നൈയിൽ തോൽപ്പിക്കുന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് ജീസസ് ഹിമിനെസിലൂടെ വല കുലുക്കി.
37-ാം മിനിറ്റിൽ വിൽമർ ജോർദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെന്നൈയിനു സമ്മർദമേറി. പത്തുപേരുമായി ചുരുങ്ങിയതോടെ ആദ്യ പകുതിയുടെ അധിക സമയത്ത് കൊറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. 56-ാം മിനിറ്റിൽ ക്വാമി പെപ്ര മൂന്നാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് സുരക്ഷിതനിലയിലെത്തിച്ചു.
രണ്ടു മിനിറ്റും ആറു സെക്കൻഡുമുള്ളപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ആദ്യം വലുകുലുക്കിയത്. ജയത്തോടെ 24 പോയിന്റായ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ചെന്നൈയിൻ പത്താം സ്ഥാനത്ത് തുടരുകയാണ്.