തൃശൂർ: ഈ തൃശൂർക്കാരിപ്പോ എല്ലാ ഉഡായിപ്പും വാട്സാപ്പ് വഴിയാക്കീന്നാ തോന്നണത്. കഞ്ചാവു വിൽപനയായാലും വ്യാജമദ്യത്തിന്റെ ഓർഡറെടുക്കലായാലും പെണ്‍വാണിഭമായാലും ദാ ഒടുവിലിപ്പോ ചൂതാട്ടവും ഓണ്‍ലൈൻ വഴിയും വാട്സാപ്പ് വഴിയുമാണ് തൃശൂർക്കാർ നടത്തുന്നത്. ലോകം വിരൽത്തുന്പിലൊതുക്കാമെന്നായതോടെ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വിരൽത്തുന്പിലേക്കു കൊണ്ടുവരുകയാണ് കുറ്റവാളികൾ.
തൃശൂരിൽ അടുത്തിടെ പിടികൂടിയ കഞ്ചാവു കേസുകളിൽ പലതിലും കച്ചവടം നടന്നിരുന്നത് ഓണ്‍ലൈൻ വഴിയും വാട്സാപ്പ് വഴിയുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വളരെ സുരക്ഷിതമാണ് വാട്സാപ്പ് വഴിയും മറ്റുമുള്ള ആശയവിനിമയം എന്നതുകൊണ്ടുതന്നെ കഞ്ചാവു കച്ചവടക്കാർ ഈ സൈബർവഴിയിലൂടെയാണ് ഇപ്പോൾ യാത്ര.
വാട്സാപ്പ് സർവസാധാരണമായതോടെ കഞ്ചാവ് വിൽപനയിൽ സൈബർ കോഡുകൾ പോലും വന്നിട്ടുണ്ട്. പെണ്‍വാണിഭസംഘങ്ങളും മൊബൈൽ ഫോണ്‍, വാട്സാപ്പ് ഉപയോഗിച്ചാണ് ഇപ്പോൾ ബിസിനസ് നടത്തുന്നത്. പിടിയിലായ പല സംഘങ്ങളേയും ചോദ്യം ചെയ്തതിൽനിന്ന് ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈലുകളിലും സ്ഥിരം ഇടപാടുകാരുടെ നന്പറുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം തൃശൂർ ശക്തൻ നഗറിനു സമീപത്തുനിന്ന് പിടിയിലായ സംഘം മൊബൈൽ ഗെയിം ഉപയോഗിച്ച് ചൂതാട്ടം നടത്തിയതാണ് സൈബർ ക്രൈമുകളിലെ പുതിയ തൃശൂർ വിശേഷം. വളരെ ലളിതമായ ഒരു കംപ്യൂട്ടർ ഗെയിമിനെ എങ്ങനെ ലക്ഷങ്ങൾ മറിയുന്ന ചൂതാട്ടാമാക്കി മാറ്റാമെന്നാണ് പിടിയിലായവർ വ്യക്തമാക്കിയത്.
ഗാംബ്ലിംഗ് ഹബ്ബുകളിലെ നന്പർ ഗെയിം പോലുള്ള ചൂതാട്ടമായിരുന്നു ഇവർ നടത്തിയിരുന്നത്. ഇത്തരത്തിൽ മൊബൈൽ ഗെയിം വഴി ലക്ഷങ്ങൾ ചൂതാട്ടക്കളത്തിൽ വിഴുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. തേക്കിൻകാട് മൈതാനത്തു നേരംപോക്കിന് ചീട്ടുകളിച്ചിരുന്ന സംഘങ്ങൾ തൃശൂരിന്റെ കൗതുകക്കാഴ്ചയായിരുന്നുവെങ്കിൽ ആധുനിക മൊബൈൽ ഫോണിൽ ഗെയിം ഉപയോഗിച്ച് ലക്ഷങ്ങളുടെ ചൂതാട്ടം നടത്തുന്നവർ തൃശൂരിന്റെ ന്യൂജൻ തട്ടിപ്പുകാഴ്ചയാണ്.
പുതുപുത്തൻ ആയുധങ്ങൾ ഓണ്‍ലൈൻ വഴി ഓർഡർ ചെയ്ത് ശേഖരിക്കുന്ന ക്വട്ടേഷൻ സംഘങ്ങളുടെ കൂടി താവളമായിട്ടുണ്ട് തൃശൂർ. അടുത്തിടെ പിടിച്ചെടുത്ത ആധുനിക ആയുധങ്ങൾ ഇതിന്റെ തെളിവാണ്. ു