കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കോട്ടയത്ത് ദീപികയുടെ ക്യാപ് അറ്റ് ക്യാമ്പസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരിപാടി നടക്കുമ്പോള്‍ വേദിയിലായിരുന്ന മഞ്ജു വാര്‍ത്ത അറിയുന്നത് അരമണിക്കൂറിനുശേഷമായിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ ഉച്ചകഴിഞ്ഞുള്ള പരിപാടികള്‍ റദ്ദാക്കി അവര്‍ കൊച്ചിക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മഞ്ജു കോട്ടയത്തുണ്ടെന്ന് മനസിലാക്കിയ ദൃശ്യമാധ്യമങ്ങള്‍ പ്രതികരണത്തിനായി എത്തിയെങ്കിലും അവര്‍ അതിനുമുമ്പ് സ്ഥലംവിട്ടിരുന്നു.
അതേസമയം, ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ലാത്ത ആക്രമിക്കപ്പെട്ട നടി തൃശൂരിലെ തന്റെ വീട്ടിലായിരുന്നു. ദിലീപിന് ജാമ്യം അനുവദിക്കപ്പെടുമെന്ന് ചെറിയ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് സിനിമരംഗത്തുള്ള നിരവധിപേര്‍ ദിലീപിന്റെ അനുജനെയും കുടുംബാംഗങ്ങളെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നടന്മാരായ സിദ്ധിഖും ധര്മജന് ബോള്‍ഗാട്ടിയും ആലുവ ജയിലില്‍ നേരിട്ടെത്തി. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെ ആശ്വസിപ്പിക്കാനോ പിന്തുണ അറിയിച്ചോ ആരും തന്നെ വിളിച്ചതുമില്ല. അടുത്ത ചില കൂട്ടുകാരികള്‍ (സിനിമരംഗത്തെ) നടിയുടെ വീട്ടിലെത്തിയിട്ടുണ്ട്.
അതേസമയം, ദിലീപിന്റെ ജാമ്യം പണികൊടുത്തത് ബിജെപിക്കാണ്. കണ്ണൂരില്‍ തുടങ്ങിയ ജനരക്ഷയാത്രയുടെ വാര്‍ത്തകള്‍ നിമിഷനേരംകൊണ്ട് വാര്‍ത്തകളില്‍നിന്നു തന്നെ അപ്രതക്ഷ്യമായി. ചാനലുകള്‍ ആലുവ സബ്ജയിലിലേക്ക് ക്യാമറ തിരിച്ചതോടെ അമിത് ഷാ വരെ പങ്കെടുക്കുന്ന യാത്ര അക്ഷരാര്‍ഥത്തില്‍ മുങ്ങിപ്പോയി.