പ്രത്യേക ലേഖകന്‍
കുണ്ടറയില്‍ ജനുവരി പതിനഞ്ചിന് ആ വീട്ടില്‍ എന്താണ് സംഭവിച്ചത്. ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാക്കിയ ഒരു പത്തുവയസുകാരി ആത്മഹത്യ ചെയ്തിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഉത്തരം ലഭിച്ചിട്ടില്ല. കെഎസ്ഇബിയില്‍ ലൈന്മാനായ ജോസിന്റെയും ഷീജയുടെയും മരണത്തെക്കുറിച്ച് സമഗ്രമായൊരു ചിത്രം ലഭിക്കാനാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ കുണ്ടറയിലെത്തിയത്. പത്രക്കാരുടെ പതിവുശൈലിയില്‍ തൊട്ടടുത്തു കണ്ട ചായക്കടയില്‍ കയറി വിവരം അന്വേഷിച്ചു. പത്രക്കാരനാണെന്നു മനസിലായതുകൊണ്ടാണോ എന്നറിയില്ല എല്ലാം വിശദമായി തന്നെ കടക്കാരന് പറഞ്ഞുതന്നു. കുണ്ടറയെന്ന സ്ഥലത്തെ പീഡനക്കാരുടെ നാടായി ലോകം വ്യാഖ്യാനിക്കുന്നതിലുള്ള വിഷമം അയാളുടെ വാക്കുകളിലുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയെപ്പറ്റിയായിരുന്നു. അവളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെപ്പറ്റി കടക്കാരന് നല്കിയ ചെറുവിവരണം ഇങ്ങനെ- പെണ്‍കുട്ടിയുടെ അച്ഛന് ജോസും അമ്മയായ ഷീജയും തമ്മില്‍ എന്നും വഴക്കായിരുന്നു. ആ വീട് ഉണര്‍ന്നെണീല്‍ക്കുന്നതു തന്നെ വഴക്കു കൂടാനാണോയെന്ന് നാട്ടുകാര്‍ ചോദിച്ചിരുന്നു. പലപ്പോഴും ഉച്ചത്തിലുള്ള വാക്വാദങ്ങളും തെറിവിളികളും ഉയര്‍ന്നിരുന്നു. ഏഴാം ക്ലാസുകാരിയായ സഹോദരിക്കൊപ്പം കുണ്ടറ കാഞ്ഞിരകോടിലെ യു.പി സ്കൂളിലേക്ക് പോകുമ്പോഴൊക്കെ ആ പെണ്‍കുട്ടിയുടെ മുഖത്ത് ദു:ഖഭാവം നിഴലിച്ചിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പ്രതിഫലനമാണെന്നാണ് ഏവരും കരുതിയത്. സ്കൂളിലെ മിടുക്കി കുട്ടി, നല്ല കാര്യപ്രാപ്തി, കൈയ്യക്ഷരം പോലും അസൂയാവഹം എല്ലാവര്ക്കും അവളെക്കുറിച്ച് നല്ലതുമാത്രം… ഇത്രയും വിവരങ്ങളാണ് കടക്കാരനില്‍ നിന്ന് ലഭിച്ചത്. അവിടെനിന്ന് നേരെ പെണ്‍കുട്ടി മരിച്ച വീട്ടിനടുത്തേക്ക്.
മാതാപിതാക്കളെ കാണുന്നതിനു പകരം അയല്‍ക്കാരോട് സംസാരിക്കാന്‍ തീരുമാനിച്ചു. തൊട്ടടുത്തു താമസിക്കുന്ന ഒരു മധ്യവയസ്ക ആ വീട്ടിലെ അവസ്ഥ ഒരു ചിത്രം കാണുന്നതുപോലെ വരച്ചു തന്നു. ജോസും ഭാര്യയും തമ്മില്‍ വഴക്കില്ലാത്ത ദിവസങ്ങള്‍ കുറവ്. കലഹംമൂത്തപ്പോള് ഷീജയും വീട്ടുകാരും ജോസിനെതിരേ പരാതി നല്കി. അതും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍. ജോസ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേസ് കോടതിയിലെത്തിയതോടെ ജോസ് ഭാര്യയെയും കുട്ടികളെയും കാണരുതെന്ന് ഇടക്കാല വിധി വന്നു. എന്നാല്‍ തീരുമാനത്തെ വകവയ്ക്കാതെ ഇടയ്ക്കിടെ വീട്ടിലെത്തി ജോസ് ശല്യം ചെയ്തിരുന്നു.
അന്ന്, പെണ്‍കുട്ടി ജീവനൊടുക്കിയെന്ന് പോലീസ് പറഞ്ഞദിവസം (ജനുവരി പതിനഞ്ച്) ഉച്ചയോടെ ഭാര്യയുടെ കുടുംബ വീട്ടിലെത്തിയ ജോസ്, ഭാര്യയുമായി വഴക്കിലായി. അപ്പോഴാണ് അമ്മ കൂടെ വരാന്‍ കാത്തുനില്‍ക്കാതെ അനില നായക്കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് ഒറ്റക്ക് മടങ്ങിയത്. പിന്നാലെ വീട്ടിലെത്തിയ ഷീജ കണ്ടത് മകള്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നതാണ്. സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി എഴുതിവച്ചതായി കരുതുന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. പിന്നീട് നടന്നത് ആര്‍ക്കോ വേണ്ടിയുള്ള അന്വേഷണമായിരുന്നു. എല്ലാം പെട്ടെന്ന് അവസാനിപ്പിക്കാന്‍ പോലീസ് ധൃതികാട്ടി.
പെണ്‍കുട്ടിയുടെ വീട്ടുകാരാകട്ടെ ജോസിനെ കുറ്റക്കാരനാക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചതും. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് ഷീജയുടെ ബന്ധുക്കള്‍ ജോസിനെ ആക്രമിക്കുക പോലും ചെയ്തു. പെണ്‍കുട്ടി തൂങ്ങി മരിച്ച ജനല തകര്‍ക്കുകയും ചെയ്തു. മകളെ പീഡിപ്പിച്ചവനെന്ന ദുഷ്പേരുമായി നടന്ന ജോസ് ഇതിനിടെയാണ് ആ സത്യം അറിയുന്നത്. ആത്മഹത്യ ചെയ്തെന്ന് പോലീസ് പറയുന്ന തന്റെ മകള്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. അതോടെ ആ പിതാവ് നീതിക്കായുള്ള പോരാട്ടം തുടങ്ങി. ആദ്യം കൊല്ലത്തെ മാധ്യമപ്രവര്‍ത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ പോലീസും ഉഷാറായി. ഇനി കാത്തിരിക്കാം യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിനായി.