പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് കിംഗ് മേക്കറാകാന്‍ ഇന്ത്യ മുഴുവന്‍ ഓടിനടന്ന ചന്ദ്രബാബു നായിഡുവിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം എട്ടുനിലയില്‍ പൊട്ടുമെന്ന് ടൈംസ് നൗ സര്‍വേ, ഞെട്ടലില്‍ ആന്ധ്രയിലെ മുഖ്യന്‍

രണ്ടാഴ്ച മുമ്പുവരെ പ്രതിപക്ഷത്തിന്റെ ഐക്യത്തിനായി ഓടിനടന്ന നേതാവാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കിംഗ് മേക്കറാകുമെന്ന് ഏവരും കരുതിയ നേതാവ്. എന്നാല്‍ ടൈംസ് നൗ സര്‍വേയിലെ റിപ്പോര്‍ട്ട് തെലുങ്കുദേശം പാര്‍ട്ടിയുടെ നേതാവിന് അളവില്ലാത്ത ഞെട്ടലാണ് സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ 25 സീറ്റുകളില്‍ കഴിഞ്ഞ തവണ 15 സീറ്റുകളാണ് തെലുങ്കുദേശത്തിന് കിട്ടിയത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ ഭരണകക്ഷി വെറും രണ്ടു സീറ്റില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ശത്രുവായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 23 സീറ്റിലും ജയിച്ച് കരുത്ത് തെളിയിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ചന്ദ്രബാബു ത്രിശങ്കുവിലാണ്. രാജാവാകാന്‍ പോയി രാജ്യത്തു പോലും നില്ക്കാനാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പറയാം.

കഴിഞ്ഞതവണ ബിജെപിയുടേയും ജനസേനയുടേയും പിന്തുണ ചന്ദ്രബാബു നായിഡുവിനായിരുന്നു. 175ല്‍ 103 സീറ്റുകള്‍ സ്വന്തം നേടിയപ്പോള്‍ നാലെണ്ണം ബിജെപിക്കും കിട്ടി. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണു കിട്ടിയത്. ലോക്‌സഭയില്‍ 15 ഇടത്ത് ടിഡിപിയും രണ്ടിടത്ത് ബിജെപിയും വിജയിച്ചപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എട്ടിടത്ത് വിജയം നേടി.

നായിഡുവിന്റെ മാറ്റം

ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുള്ളവരാണ് ടിഡിപിയും ബിജെപിയും. 2014ല്‍ മോദി തരംഗത്തില്‍ ആകൃഷ്ടനായ ചന്ദ്രബാബു നായിഡു ബിജെപിയെ കൂടെകൂട്ടി മികച്ച വിജയം നേടി. ബിജെപിക്കും ഫലമുണ്ടായി. ഇതു മുതലെടുത്ത് ആന്ധ്രയില്‍ വളരാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നായിഡു സഖ്യം വിട്ടത്. കനപ്പെട്ടുവരുന്ന ഭരണവിരുദ്ധവികാരം ബിജെപിക്കും കേന്ദ്രത്തിനുംമേല്‍ കെട്ടിവച്ച് രക്ഷപ്പെടുക എന്നതായിരുന്നു നായിഡുവിന്റെ തന്ത്രം. മോദി സര്‍ക്കാരിനെപ്പോലെ തന്റെ വീമ്പുപറച്ചിലുകളും നടപ്പാക്കാനായില്ല എന്ന യാഥാര്‍ഥ്യം നായിഡു നേരത്തേ തിരിച്ചറിഞ്ഞു.

അമരാവതിയില്‍ സ്വപ്നനഗരമായി പുതിയ തലസ്ഥാന നിര്‍മാണം എങ്ങുമെത്തിയില്ല. വിഭജനസമയത്ത് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേകപദവി നേടാനായില്ല. വികസനപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഗതിവേഗം കൈവരിച്ചില്ല. കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ക്കൂടുതല്‍ ദയനീയമാകുന്നു. എന്നുതുടങ്ങി വിമര്‍ശനങ്ങള്‍ നിരവധിയാണ്.

എല്ലാവര്‍ക്കും വാരിക്കോരി

ജനരോഷം മറികടക്കാന്‍ അവസാനകാലത്ത് നിരവധി ജനപ്രിയപദ്ധതികളാണ് നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കു മൊബൈല്‍ഫോണ്‍ മുതല്‍ കാപു വിഭാഗത്തിന് സംവരണംവരെ പ്രഖ്യാപനത്തിലുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള സ്ത്രീകള്‍ക്ക് പതിനായിരം രൂപയും ഫോണും നല്‍കുന്ന പദ്ധതിയാണ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ഗഡുക്കളായാണ് പതിനായിരം രൂപ നല്‍കുക.

ആദ്യഗഡുവായി നല്‍കുന്ന 2500 രൂപ ഉടനേ വിതരണംചെയ്യും. ഫെബ്രുവരി അവസാനത്തോടെ അടുത്ത ഗഡുവായി മൂവായിരം രൂപ നല്‍കും. ബാക്കി നാലായിരം ഏപ്രിലില്‍ നല്‍കാനാണ് പദ്ധതി. 93 ലക്ഷം വനിതകള്‍ക്കു പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി 9,400 കോടി രൂപയാണ് ചെലവഴിക്കുന്നത്. പണമുണ്ടായിട്ടല്ല, സഹോദരിമാരെ സഹായിക്കാന്‍ കടംവാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് മഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ പദ്ധതിയെ ”വോട്ടിനുവേണ്ടിയുള്ള നോട്ട്” എന്നാണ് പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി വിശേഷിപ്പിച്ചിരിക്കുന്നത്.

മുന്നോക്ക വിഭാഗമായ കപു സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും അഞ്ച് ശതമാനം സംവരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാവിധ ക്ഷേമ പെന്‍ഷനുകളും ഇരട്ടിയാക്കി. എന്‍ടിആര്‍ ഭരോസ സ്‌കീമിലെ ആയിരം രൂപയുടെ പെന്‍ഷന്‍ രണ്ടായിരമായും 1500 രൂപയുടേത് മൂവായിരമായുമാണ് കൂട്ടിയിരിക്കുന്നത്. 54.61 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിക്കിടന്നിരുന്ന രണ്ട് ഗഡു ഡിഎ നല്‍കാനും തീരുമാനമായി.

ഒട്ടോറിക്ഷകളുടെ ആജീവനാന്തനികുതിയും ട്രാക്ടറുകളുടെ കാല്‍ക്കൊല്ല നികുതിയും ഇളച്ചുനല്‍കും. വാഹന നികുതിയിലെ കുടിശികയിലും ഇളവനുവദിച്ചിട്ടുണ്ട്. 9.79 ലക്ഷം വാഹന ഉടമകള്‍ക്കാണ് പ്രയോജനം. ആകെ ചെലവ് 66.50 കോടി രൂപ. 2014 ജൂണ്‍ മുതല്‍ അനുമതിയില്ലാതെ നിര്‍മിച്ച 1,26,097 വീടുകള്‍ക്ക് 60,000 രൂപവീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു. ഇതില്‍ 15,000 രൂപ ശൗചാലയം നിര്‍മിക്കാനാണ്. 756 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ ഉപവാസം

ക്ഷേമപദ്ധതികളും ധനസഹായങ്ങളും പ്രഖ്യാപിക്കുകയും കേന്ദ്രം ചിറ്റമ്മനയം കാട്ടുന്നുവെന്ന് പരാതിപ്പെടുകയുമാണ് നായിഡുവിന്റെ തന്ത്രം. ഈ ചിറ്റമ്മനയവും അവഗണനയും സഹിക്കവയ്യാതെയാണ് ബിജെപി മുന്നണി വിട്ടതെന്ന് നായിഡു വിശദീകരിക്കുന്നു. വിഭജനകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട പ്രത്യേക പദവി നരേന്ദ്ര മോദി അട്ടിമറിച്ചെന്നാണ് നായിഡുവിന്റെ പ്രധാന പരാതി.

കേന്ദ്രം പറഞ്ഞുപറ്റിച്ചതിനാലാണ് തലസ്ഥാന നിര്‍മാണം മുന്നോട്ടുപോകാത്തതെന്നും നായിഡു വിശദീകരിക്കുന്നു. കേന്ദ്രത്തിനെതിരേയുള്ള ആക്രമണം കടുപ്പിക്കാന്‍ ഫെബ്രുവരി 13ന് ന്യൂഡല്‍ഹിയില്‍ ഏകദിന ഉപവാസം നടത്തുമെന്നാണ് നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റ്‌സമ്മേളനത്തിന്റെ അവസാനദിവസമാണ് ഉപവാസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

വിഭജനത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രം 75,000 കോടി രൂപ നല്‍കണമെന്ന് ജന സേന നേതാവ് പവന്‍ കല്യാണ്‍ അധ്യക്ഷനായ പഠനസമിതി നല്‍കിയ ശിപാര്‍ശ നടപ്പാക്കണമെന്നും ടിഡിപി ഉപവാസവേദിയില്‍ ആവശ്യപ്പെടും. വിഭജനത്തെത്തുടര്‍ന്ന് സംസ്ഥാനത്തിനു കിട്ടേണ്ട 1.25 ലക്ഷം കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് നായിഡുവിന്റെ ആരോപണം.

പ്രതിപക്ഷ ഐക്യത്തിലൂടെ ദേശീയ നേതാവാകാനും നായിഡു ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആദ്യം കൂടെനിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അത്ര താത്പര്യം കാട്ടുന്നില്ല. എങ്കിലും മമത നടത്തിയതുപോലുള്ള റാലി നടത്തി പ്രതിപക്ഷ നേതാക്കളെയെല്ലാം അണിനിരത്താന്‍ തീരുമാനിച്ചുകഴിഞ്ഞു.

നടന്നു തീര്‍ത്ത് ജഗന്‍

നായിഡുവിനെതിരേ ജനവികാരം ആളിക്കത്തിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഒരുവര്‍ഷത്തിനും മുമ്പേ ഒരുക്കം തുടങ്ങിയതാണ്. കഴിഞ്ഞ 14 മാസമായി ജഗന്‍ സംസ്ഥാനത്തുടനീളം പദയാത്രയിലായിരുന്നു. 341 ദിവസമാണ് നടന്നത്. 3,648 കിലോമീറ്റര്‍ താണ്ടി. 2017 നവംബര്‍ ആറിന് കടപ്പ ജില്ലയിലെ ഇടിപുലപായയില്‍നിന്നാണ് നടപ്പു തുടങ്ങിയത്. ഈ മാസം ഒമ്പതിന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തായിരുന്നു സമാപനം. പദയാത്രയിലുടനീളം ജനങ്ങളുമായി സംവദിക്കുകയായിരുന്നു ജഗന്‍. ടിഡിപി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണചെയ്തു. തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പെന്നാണ് ജഗന്റെ പക്ഷം.

കഴിഞ്ഞതവണ കേവലം 2.6 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ജഗന്‍ തോറ്റത്. അന്ന് ബിജെപിയും ജന സേനയും ടിഡിപിയെ പിന്തുണച്ചിരുന്നു. 6,01,539 വോട്ടുകള്‍ മാത്രമാണ് ടിഡിപി കൂടുതല്‍ നേടിയത്. ഇരുപക്ഷവും ജയിച്ച 14 സീറ്റുകളില്‍ ഭൂരിപക്ഷം നൂറിനും അയ്യായിരം ഇടയിലായിരുന്നു. ഇതാണ് ജഗനു പ്രതീക്ഷ നല്‍കുന്നത്.

സുതാര്യ ഭരണവും അധികാര വികേന്ദ്രീകരണവുമാണ് ജഗന്‍ മുന്നോട്ടുവയ്ക്കുന്നത്. ഭരണസൗകര്യത്തിനായി ജില്ലകളുടെ എണ്ണം 13ല്‍നിന്ന് 25 ആക്കുമെന്നും ജഗന്‍ വാഗ്ദാനം ചെയ്യുന്നു. ചന്ദ്രബാബു നായിഡു സംസ്ഥാനത്തോട് കടുത്ത അനീതിയാണ് കാട്ടിയത്. ജനങ്ങളെ മറന്ന് സ്വന്തം നേട്ടത്തിനുവേണ്ടി ചേരിമാറുകയാണ് നായിഡു ചെയ്തതെന്നും ജഗന്‍ വിമര്‍ശിക്കുന്നു.

ഉമ്മന്‍ ചാണ്ടി ഇഫക്ട്

കേരളത്തിലെ ജനപ്രിയനേതാവായ ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലക്കാരനായി രാഹുല്‍ ഗാന്ധി നിശ്ചയിച്ചപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പല കണക്കുകൂട്ടലുകളും നടത്തി. ജഗനെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുകഴിയുമെന്നായിരുന്നു ഒരു നിരീക്ഷണം. എന്നാല്‍ തെലുങ്കാന തെരഞ്ഞെടുപ്പില്‍ ടിഡിപി-കോണ്‍ഗ്രസ് സഖ്യമാണ് ഉണ്ടായത്. ഈ സഖ്യം ആന്ധ്രയിലും തുടരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

പ്രിയങ്കയുടെ വരവിനെത്തുടര്‍ന്നുണ്ടായ ഉണര്‍വാണ് ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ ഈ തീരുമാനം എത്രകണ്ട് ഗുണപ്പെടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്.

തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രി കൊട്ല സൂര്യപ്രകാശ് റെഡ്ഡി പാര്‍ട്ടിവിടുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി വിജയ്ഭാസ്‌കര്‍ റെഡ്ഡിയുടെ മകനാണ് സൂര്യപ്രകാശ്. ഇദ്ദേഹം ടിഡിപിയിലേക്കാണ് ചേക്കേറുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കൂര്‍മബുദ്ധിയില്‍ ഇനിയും തന്ത്രങ്ങളുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. അതില്‍ ജഗനുവേണ്ടിയുള്ള കാത്തിരിപ്പും ഉണ്ടായേക്കാം.

കടുത്ത നിലപാടുമായി പവന്‍

പ്രജാരാജ്യം പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയെപ്പോലെ അനുജന്‍ പവന്‍ കല്യാണും ഇക്കുറി തന്റെ ജന സേന പാര്‍ട്ടിയെ കളത്തിലിറക്കുകയാണ്. നായിഡുവിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായാണ് പവന്‍ കല്യാണ്‍ പ്രചാരണം നടത്തുന്നത്. സിപിഎം, സിപിഐ കക്ഷികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പവന്‍ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കാത്തതിന്റെ പേരില്‍ പവന്‍ ബിജെപിയേയും എതിര്‍ക്കുകയാണ്. റിലീസിനുമുന്നേ പൊളിഞ്ഞ പടമാണ് ജന സേന എന്നാണ് ബിജെപിയുടെ വിമര്‍ശനം. തെലുങ്കാന രാഷ്ട്രീയസമിതിയെ വിമര്‍ശിച്ചിരുന്ന പവന്‍ ഇപ്പോള്‍ ചന്ദ്രശേഖര റാവുവുമായി ചങ്ങാത്തം കൂടാനുള്ള ശ്രമത്തിലുമാണ്.

നടുക്കടലില്‍ ബിജെപി

കൂട്ടിനാരുമില്ലാത്തതിനാല്‍ ആന്ധ്രയില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിജെപി. സഖ്യകക്ഷിയില്ലാതെ സംസ്ഥാനത്ത് ഒന്നും ചെയ്യാനാവില്ലെന്ന് നേതാക്കള്‍ക്കറിയാം. എങ്കിലും ആന്ധ്രയ്ക്കുനല്‍കിയ കേന്ദ്രസഹായത്തിന്റ കണക്കുപറഞ്ഞ് വോട്ടുതേടാനാണ് ശ്രമം. അതിനിടെ എന്‍.ടി. രാമറാവുവിന്റെ മകളും സംസ്ഥാനത്തെ പ്രബല നേതാവുമായ പുരന്തരേശ്വരിയുടെ ഭര്‍ത്താവും മകനും പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍മന്ത്രിയും പുരന്തരേശ്വരിയുടെ ഭര്‍ത്താവുമായ ദഗുബട്ടി വെങ്കിടേശ്വര റാവുവും മകന്‍ ഹിതേഷ് ചെഞ്ചുരവും വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കാണ് കൂടുമാറുന്നത്.

തെരഞ്ഞെടുപ്പിനുശേഷം സാധ്യമായ സഖ്യം ഉണ്ടാക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസുമായോ ടിഡിപിയുമായോ ജന സേനയുമായോ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ബിജെപി തുറന്നിടുന്നുണ്ട്.

Related posts