എം.ജി.എസ്
നല്ലൊരു ക്രിക്കറ്റ് മത്സരം കാണുന്ന പ്രതീതിയായിരുന്നു ഗുജറാത്തിലെ വോട്ടെണ്ണലില്‍ കണ്ടത്. ഏതുനിമിഷവും ഏതുവശത്തേക്കും വിജയം മാറിമറിയാവുന്ന അവസ്ഥ. സസ്‌പെന്‍സും ത്രില്ലറും സമന്വയിച്ച പോരാട്ടത്തില്‍ തോറ്റെങ്കിലും തല ഉയര്‍ത്തി കോണ്‍ഗ്രസ്. 22 വര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച ലഭിച്ച ആത്മവിശ്വാസത്തില്‍ മോദിയും. എന്തുകൊണ്ട് ബിജെപി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തി. ഉത്തരങ്ങള്‍ ഇതൊക്കെ.
കലാപ രാഷ്ട്രീയം
ബിജെപി പ്രതിപക്ഷത്തായാല്‍ അടുത്ത അഞ്ചുവര്‍ഷം വര്‍ഗീയ കലാപങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചേക്കാം. വോട്ടെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അടക്കം പറഞ്ഞ വാക്കുകളാണിവ. സത്യത്തില്‍ ഈ വാക്കുകളില്‍ കുറച്ചൊക്കെ സത്യമുണ്ട് താനും. ഇനിയൊരു ഗോന്ധ്ര സംഭവിക്കാതിരിക്കാന്‍ ഗുജറാത്തില്‍ ബിജെപി എല്ലാവിധ കരുതലും എടുത്തിരുന്നു. രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ചെറിയതോതില്‍ വര്‍ഗീയ സംഘര്‍ങ്ങള്‍ നടപ്പോഴും ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നു. കാരണം നിസാരം, ഗുജറാത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ കറുത്ത പൊട്ട് പോലും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയേക്കാം. അതുകൊണ്ടൊക്കെ തന്നെയാണ് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബിജെപി ജയിച്ചു കയറിയത്.
അയ്യര്‍ വടികൊടുത്തു, മോദി ഉപയോഗിച്ചു
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചിരുന്നു. ബിജെപി റാലികളില്‍ ആള്‍ത്തിരക്ക് കുറഞ്ഞപ്പോള്‍ ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും വലിയ കോളിളക്കം സൃഷ്ടിച്ചു. രാഹുല്‍ ഗാന്ധിയുടെ കടന്നുവരവോടെ ഇഞ്ചോടിഞ്ച് പോരാട്ടമായി അതു രൂപപ്പെടുകയും ചെയ്തു. എന്നാല്‍ മണിശങ്കര്‍ അയ്യര്‍ നടത്തിയ ഒരൊറ്റ പരാമര്‍ശനം ബിജെപിക്ക് അടിക്കാന്‍ കൊടുത്ത വടിയായി. മോദിയെ നീചനെന്ന് വിളിച്ച് അയ്യര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഒരുചുവട് പിന്നിലേക്ക് പോയി. ആരൊക്കെ എത്രയൊക്കെ നിഷേധിച്ചാലും നരേന്ദ്ര മോദിയെന്ന നേതാവിനോട് ഗുജറാത്തികള്‍ക്ക് വല്ലാത്തൊരു സ്‌നേഹമുണ്ട്. മോദിയെ നീചനെന്ന് വിളിച്ചത് ഗുജറാത്തികള്‍ക്ക് നേരെയുള്ള അധിക്ഷേപമായി ബിജെപി വന്‍തോതില്‍ പ്രചരണം നടത്തി. മോദി തന്നെ അതിനു നേതൃത്വം നല്കുകയും ചെയ്തു. തൊട്ടുപിന്നാലെ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്ഥാനും കോണ്‍ഗ്രസും നീക്കം നടത്തുന്നതായും തന്നെ ഇല്ലാതാക്കാന്‍ ഗുഡാലോചന നടക്കുന്നതായും മോദി തന്നെ ആരോപിച്ചതോടെ വോട്ടര്‍മാരിലെ ഗുജറാത്തി അഭിമാനത്തിലേക്ക് അതു തുളച്ചുകയറി. അവസാന ഘട്ടത്തില്‍ ബിജെപിയെ മുന്നിലെത്തിച്ചതും ഈ തന്ത്രം തന്നെ.
ഹിന്ദുത്വത്തിലേക്ക് കോണ്‍ഗ്രസ്, തന്ത്രം മാറ്റി ബിജെപി
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തിയ സമയത്തെല്ലാം ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബോധപൂര്‍വമായ നീക്കം തന്നെയായിരുന്നു അത്. ന്യൂനപക്ഷ, ദളിത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെന്ന ബോധ്യവും അതിനൊപ്പം ഹിന്ദുത്വ വോട്ടുകള്‍ സമാഹരിക്കുകയെന്ന തന്ത്രമായിരുന്നു ഇതിന് കാരണം. രാഹുല്‍ ക്ഷേത്രങ്ങളില്‍ കയറിയിറങ്ങിയപ്പോള്‍ ദളിത്, ആദിവാസി കേന്ദ്രങ്ങളില്‍ കടന്നുകയറുകയെന്ന ചാണക്യ തന്ത്രമാണ് മോദി നടത്തിയത്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണച്ച ഗുജറാത്തിലെ ദളിത് വോട്ടുകളെ തങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപിക്കായി. മോദി നടത്തിയ റാലികളില്‍ 60 ശതമാനവും ദളിത്, ആദിവാസി മേഖലകളിലായിരുന്നു. ഇവിടങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനും ബിജെപിക്കായി.
2019ലെ പൊതുതെരഞ്ഞെടുപ്പിന്റൈ സെമിഫൈനലെന്ന് വിശേഷിപ്പിച്ച ഗുജറാത്തില്‍ അധികാരം നഷ്ടപ്പെട്ടിരുന്നെങ്കില്‍ ബിജെപിക്കും മോദിക്കും അതു വലിയ തിരിച്ചടിയായി മാറിയേനെ. ഗുജറാത്തിനൊപ്പം ഹിമാചല്‍പ്രദേശും പിടിച്ചതോടെ ബിജെപിക്ക് ഒരുപരിധി വരെ ആശ്വസിക്കാം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ യുവനേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ വോട്ടെടുുപ്പ് കൂടിയാണ്.