കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചുവരവിനുള്ള സുവര്‍ണാവസരം! സ്റ്റാലിനെ മുന്നില്‍നിര്‍ത്താന്‍ ഡിഎംകെ; ജയയ്ക്കുശേഷമുള്ള തമിഴ് രാഷ്ട്രീയം ഇങ്ങനെ…

വെബ് ഡെസ്ക്

p-22016 ഡിസംബര്‍ ആറ്. തമിഴ് രാഷ്ട്രീയത്തെ രണ്ടു കാലഘട്ടമാക്കി വിഭജിച്ച ദിവസമെന്ന പ്രത്യേകതയാകും ഈ ദിവസത്തിനുണ്ടാകുക. ദ്രാവിഡ രാഷ്ട്രീയം നാലും കൂടിയൊരു കവലയില്‍ സന്ധിച്ച നിമിഷം. ഇനി എങ്ങനെയാകും തമിഴ് രാഷ്ട്രീയം. തീര്‍ച്ചയായും ഏകാധിപത്യപരമാകില്ലെന്നുറപ്പാണ് ( കളിയാക്കലല്ല, യാഥാര്‍ഥ്യം സൂചിപ്പിച്ചെന്നുമാത്രം). മേധാശക്തി കൊണ്ടും തലയെടുപ്പുകൊണ്ടും അണികളെ അടക്കിനിര്‍ത്തിയ രണ്ടാമത്തെ ആളും (ആദ്യം എംജിആര്‍) വിടവാങ്ങിയിരിക്കുകയാണ്. എതിര്‍ചേരിയിലുള്ള കരുണാനിധി ശാരീരികമായി തീര്‍ത്തും ദുര്‍ബലനും. പുതിയ ഉദയങ്ങളും തമ്മിലടിയും ഇനി തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമാകുമെന്ന് ചുരുക്കം.

ശക്തരില്ലാതെ അണ്ണാഡിഎംകെ

ജയലളിതയുടെ വിയോഗം തമിഴ് രാഷ്ട്രീയത്തേക്കാള്‍ അണ്ണാഡിഎംകെയുടെ ഭാവിയെയാകും ബാധിക്കുക. ഒരിക്കലും തനിക്കൊപ്പം വളരാന്‍ ജയ ആരെയും അനുവദിച്ചിരുന്നില്ല. തലൈവിയുടെ വാക്കുകളായിരുന്നു അണികള്‍ക്ക് വേദവാക്യം. അമ്മ പറയും അണികള്‍ അനുസരിക്കും, അത്രതന്നെ. ഒ പനീര്‍ശെല്‍വം എന്ന കാവല്‍ക്കാരന്‍ ജയയുടെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നോക്കിയെന്നത് ശരിതന്നെ. പക്ഷേ അന്ന് അമ്മ തിരിച്ചുവരുമെന്ന പേടിയും വിശ്വാസവും അണികളിലും മറ്റു നേതാക്കളിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പാര്‍ട്ടി അനാഥമായിരിക്കുന്നു. അതുകൊണ്ടു തന്നെ പനീര്‍ശെല്‍വത്തിന് പഴയ ശക്തിയുണ്ടാകണമെന്നില്ല.

ജയയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ നടന്‍ അജിത്ത് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് തമിഴ് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും സാധ്യത തുലോം വിരളം. ശക്തനായ ഒരു നേതാവില്ലാത്തത് അണ്ണാഡിഎംകെയുടെ ഭാവിയെ ബാധിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു വര്‍ഷം കൂടി വേണ്ടതിനാല്‍ സഹതാപതരംഗത്തിനും സാധ്യതയില്ല. എന്തായാലും ജയയുടെ അസാന്നിധ്യം ഈ പാര്‍ട്ടി എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.

ലോട്ടറിയടിച്ച് ഡിഎംകെ

ഒന്നു ചീയുന്നത് മറ്റൊന്നിനു വളം എന്നു പറയുന്നത് ഡിഎംകെയുടെ കാര്യത്തില്‍ 100 ശതമാനം കൃത്യം. കുടുംബവഴക്കും അഴിമതിയും തമിഴ് രാഷ്ട്രീയത്തില്‍ ഡിഎംകെയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരുന്നു. ഇനിയിപ്പോള്‍ കാര്യങ്ങള്‍ മാറിമറിയും. കരുണാനിധി അനന്തരാവകാശിയായി വാഴിച്ച എം.കെ. സ്റ്റാലിന്‍ ഡിഎംകെയിലും തമിഴ് രാഷ്ട്രീയത്തിലും പുതിയ ചക്രവര്‍ത്തിയായേക്കും. സഹോദരന്‍ അഴഗിരി പടിക്കു പുറത്താണെന്നത് സ്റ്റാലിന്റെ പ്രയാണം സുഗമമാക്കുന്നു. പാര്‍ട്ടിയെ തന്റെ വരുതിക്കു കൊണ്ടുവരാന്‍ കാര്യമായ വിയര്‍ക്കേണ്ടതില്ലെന്നതും സ്റ്റാലിനു ഗുണകരമാണ്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അവസ്ഥ

ഒരുകാലത്ത് തമിഴകത്ത് ശക്തരായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, കാമരാജിന്റെ കാലം കഴിഞ്ഞതോടെ കോണ്‍ഗ്രസിനും അസുഖം ബാധിച്ചു. പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടേയിരുന്നു, അണികള്‍ കൊഴിഞ്ഞു. സ്വാര്‍ഥരായ നേതാക്കളും തൊഴുത്തില്‍ക്കുത്തും പാര്‍ട്ടിയെ ദുര്‍ബലമാക്കി. ജയയുടെ അസാന്നിധ്യം മുതലാക്കാനുള്ള കരുത്തൊന്നും ഇപ്പോഴത്തെ കോണ്‍ഗ്രസിനില്ല. നല്ലൊരു സംഘാടകനായ ജി.കെ. വാസനെപ്പോലുള്ളവര്‍ പുതിയ മേച്ചില്‍ത്താവളം തേടി പോയ സ്ഥിതിക്ക് പ്രത്യേകിച്ചും. പി. ചിദംബരത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത നേതാക്കന്മാരാല്‍ പാര്‍ട്ടി എത്രത്തോളം വളരുമെന്ന് കണ്ടറിയണം.

ജയയുടെ മരണത്തില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു കൂട്ടര്‍ ബിജെപിയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ തമിഴകത്ത് നിര്‍ണായക ശക്തിയാകാന്‍ ബിജെപിക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കന്യാകുമാരിയില്‍ താമര വിരിയിപ്പിക്കാനും അവര്‍ക്കായി. പക്ഷേ മോദിയെപ്പോലെ വ്യക്തിപ്രഭാവമുള്ളൊരു നേതാവില്ലാത്തതിന്റെ ക്ഷീണം കുറച്ചൊന്നുമല്ല അവരെ ബാധിച്ചത്. ഇടയ്ക്ക് രജനികാന്തിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അണ്ണാഡിഎംകെയോട് കൂട്ടുകൂടി ശക്തി വര്‍ധിപ്പിക്കാന്‍ ബിജെപി ശ്രമിച്ചേക്കും. ഡിഎംകെയുടെ വെല്ലുവിളി നേരിടാനും കേന്ദ്ര ഫണ്ട് നേടിയെടുക്കാനും പനീര്‍ശെല്‍വവും കൂട്ടരും തീരുമാനിച്ചാല്‍ അത് ബിജെപിയുടെ തമിഴ് മണ്ണിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. വിജയകാന്ത്, വൈക്കോ, അന്‍പുമണി രാംദാസ് തുടങ്ങി ചെറുകിട പാര്‍ട്ടികള്‍ക്കും ജയയുടെ വീഴ്ച്ച പുതിയ അവസരങ്ങളാണ് തുറന്നിടുക.

Related posts