കോട്ടയത്തെ ഏറെ ഭയപ്പെടുത്തിയ ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലത(50) തലയ്ക്കടിയേറ്റു രക്തം വാര്‍ന്നൊഴുകി മരിച്ചകേസില്‍ റിമാന്‍ഡിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മതില്‍ചാടി ക്കടന്ന് വീടിനകത്ത് പ്രവേശിച്ച് വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന രംഗങ്ങള്‍ പ്രതികള്‍ വിശദീകരിച്ചപ്പോള്‍ തടിച്ചുകൂടിയ ജനാവലി സ്തബ്ധരായി. ഇന്നലെ വൈകുന്നേരം നാലിനാണ് പ്രതികളെ ഇത്തിത്താനം ശ്രീനിലയത്തില്‍ വീട്ടിലെത്തിച്ചത്. ഇത്തിത്താനം സ്വദേശിയായ 16 വയസുകാരന്, മാമ്മൂട് പാണാട്ടില്‍ നിവിന്‍(28), വാകത്താനം കാടമുറി തേവരുചിറയില് റെജി(38) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 16കാരനൊഴികെ നിവിന്‍, റെജി എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
11ന് രാത്രി ഏഴിന് നിവിനും റെജിയും ആപ്പ ഓട്ടോറിക്ഷയില്‍ ഇത്തിത്താനം ലിസ്യു ജംഗ്ഷനിലെത്തി. അവിടെനിന്നും 16കാരനെ ഓട്ടോയില്‍ കയറ്റി. ഇവര്‍ ശ്രീലതയുടെ വീടിനു സമീപത്തെ പുരയിടത്തിലുള്ള മൊബൈല്‍ ടവറിനടുത്തെത്തി ശ്രീലതയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാനും കടബാധ്യതകള്‍ തീര്‍ക്കാനും പദ്ധതി ആസൂത്രണം ചെയ്തു. തുടര്‍ന്ന് മൂവരും രാത്രി എട്ടിന് ശ്രീലതയുടെ വീടിന്റെ പിന്‍ഭാഗത്തെ മതില്‍ചാടി വീടിന്റെ മുറ്റത്തെത്തി. 16കാരന് വീടിന്റെ കതകില്‍ മുട്ടിവിളിച്ചപ്പോള്‍ പരിചയമുള്ളതിനാല്‍ ശ്രീലത കതക് തുറന്നു. 16കാരന് വീടിനുള്ളില്‍ കടന്നു. തൊട്ടുപിന്നാലെ നിവിനും പ്രവേശിച്ചു. 16കാരന് ശ്രീലതയെ കഴുത്തിനുപിടിച്ചുതള്ളിയപ്പോള് ശ്രീലത കസേരയിലേക്ക് വീണു. കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പുകൊണ്ട് നിവിന്‍ ശ്രീലതയുടെ തലയ്ക്ക് അടിച്ചു. തടയാന്‍ ഉയര്‍ത്തിയ ശ്രീലതയുടെ കൈ 16കാരന് പിടിച്ചുമാറ്റി. നിവിന്‍ വീണ്ടും ശ്രീലതയുടെ തലയ്ക്കടിച്ചു. വേദനയില്‍ പുഴഞ്ഞ ശ്രീലത അലറിവിളിച്ചു. ഇതിനിടയില്‍ ശ്രീലതയുടെ തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകി.
രക്തം കണ്ട് ഭയപ്പെട്ടും അലര്‍ച്ച് കേട്ട് സമീപവാസികള്‍ ഓടിയെത്തുമെന്ന് കരുതിയും നിവിന്‍ സ്വര്‍ണമാല ഊരിയെടുത്ത് കമ്മലുകളും വളയും പാദസരങ്ങളും എടുക്കാതെ പുറത്തിറങ്ങി. വീടിനു പുറത്തുകാത്തുനിന്ന റെജിയേയും കൂട്ടി സംഘം രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ നിവിനും റെജിയും ചേര്‍ന്ന് സ്വര്‍ണമാല വാകത്താനം ഞാലിയാകുഴിയിലുള്ള സ്വര്‍ണക്കടയിലെത്തി വിറ്റു. ഈ വിവരങ്ങളാണ് പ്രതികള്‍ വിശദീകരിച്ചത്.