ജോസഫ് എന്ന അഞ്ചുവയസുകാരനെ നിങ്ങള്‍ അറിയില്ലേ. കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ എല്ലാം നശിച്ചപ്പോള്‍ മലയാളികളെ ശിശുസഹജമായ നിഷ്‌കളങ്കത കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ആ കുരുന്നിനെ. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഇടുക്കി ജില്ല കളക്ടറെ കൊണ്ട് ഉപ്പുവിളമ്പിച്ച ആ കുസൃതിക്കാരന്‍ തന്നെ.
പറഞ്ഞു വരുന്നത് പ്രളയം തകര്‍ത്ത ഒരു നാട്ടില്‍ ഒറ്റപ്പെട്ടുപോയ ജോസഫുമാരുടെയും കുറെയേറെ സാധുക്കളുടെയും കഥയാണ്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പെരിയാര്‍വാലി ചപ്പാത്തില്‍ സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കാതെ കഴിയുകയാണ് ജോസഫ് എന്ന ഒന്നാംക്ലാസുകാരന്‍. ജോസഫ് മാത്രമല്ല ഇവിടുള്ള പലകുട്ടികളും ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല. ഇവരെ മറുകരയിലേക്ക് എത്തിച്ചിരുന്ന ചപ്പാത്ത് മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. പ്രളയം കഴിഞ്ഞ് നാളിതുവരെയായിട്ടും ഒരൊറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ജോയ്‌സ് ജോര്‍ജ് എംപിയും റോഷി അഗസ്റ്റിയന്‍ എംഎല്‍എയും പതിവുപോലെ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കി തിരിച്ചുപോയെന്ന് നാട്ടുകാര്‍ പറയുന്നു.
പെരിയാറിന്റെ തീരം വരെ എത്താന്‍ റോഡുണ്ട്, പക്ഷേ, കുറുകെ കടക്കാന്‍ പാലമില്ല. മഹാപ്രളയത്തിനു ശേഷം നൂറു ദിനങ്ങള്‍ പിന്നിടുമ്പോഴും ഒരു നാടിന്റെ ദുര്‍ഗതിയാണിത്. തകര്‍ന്നുപോയ കീരിത്തോട്- പെരിയാര്‍വാലി പാലത്തിനു മുന്നിലാണ് നാട്ടുകാര്‍ നിസഹായരായി നില്‍ക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ഉരുള്‍പൊട്ടലും മൂലമാണ് പാലം തകര്‍ന്നുവീണത്.
നാട്ടുകാര്‍ നിര്‍മിച്ച താത്കാലിക പാലവും കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒലിച്ചുപോയി. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. രാജപുരം, തേക്കിന്‍തണ്ട് വഴി മുരിക്കാശേരി, തോപ്രാംകുടി, നെടുങ്കണ്ടം, കട്ടപ്പന ഭാഗത്തേക്കും കോതമംഗലം, ചേലച്ചുവട്, ഇടുക്കി ഭാഗത്തേക്കും വളരെ എളുപ്പം എത്താവുന്നതും നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്നതുമായ റോഡിലെ പാലമാണ് മോക്ഷം കാത്തുകിടക്കുന്നത്.
പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ പ്രളയത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ മുകളിലുള്ള കോണ്‍ക്രീറ്റ് പാലമാണ് ഒഴുകിപ്പോയത്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ അടച്ചതോടെ നാട്ടുകാര്‍ സംഘടിച്ചു തടികള്‍നിരത്തി പാലത്തിലൂടെ കാല്‍നടയാത്ര സാധ്യമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഈ പാലവും ഒഴുകിപ്പോയി. ഇതോടെ ജനം പൂര്‍ണമായും ഒറ്റപ്പെട്ടു. 80 മീറ്ററോളം നീളമുള്ള പാലം പുനര്‍നിര്‍മിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്കു കഴിയില്ല. പാലം നിര്‍മിക്കാന്‍ കോടികള്‍ വേണ്ടിവരും. നിരവധി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശമാണ്. രണ്ടുപേര്‍ ഉരുള്‍പൊട്ടലില്‍ മരിക്കുകയും ചെയ്തിരുന്നു.
പാലം തകര്‍ന്നതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും രോഗികളെ ആശുപത്രിയിലെ ത്തിക്കുന്നതിനും ഏറെ കഷ്ടപ്പെടേണ്ടിയും വന്നു. പാലമില്ലാതായതോടെ വിദ്യാര്‍ഥികളും രോഗികളും വയോധികരുമെല്ലാം ദുരിതത്തിലാണ്. ഈ പലത്തിനു താഴെഭാഗത്തായി പകുതിപ്പാലത്തും പെരിയാറിനു കുറുകെയുള്ള പാലം മലവെള്ളത്തില്‍ ഒഴുകിപ്പോയിരുന്നു. ഇതും പുനര്‍നിര്‍മിച്ചിട്ടില്ല.
കളക്ടറെ കൊണ്ട് ഉപ്പ് വിളമ്പിച്ചാല്‍ പാലം തരില്ലേ?
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയപ്പോഴാണ് ഇടുക്കി ജില്ലാ കളക്ടറായ ജീവന്‍ബാബുവിനെ കൊണ്ട് ഒന്നാംക്ലാസുകാരനായ ജോസഫ് ഉപ്പുവിളമ്പിച്ചത്. മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലായിരുന്നു സംഭവം. നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ ചേട്ടായെന്ന വിളി കേട്ടാണ് കളക്ടര്‍ തിരിഞ്ഞു നോക്കിയത്. ചേട്ടാ കുറച്ച് ഉപ്പ് തരാമോ എന്ന കുട്ടിയുടെ ചോദ്യം കേട്ട് കളക്ടര്‍ മടികൂടാതെ ഉപ്പ് വിളമ്പി കൊടുത്തു. ഉടനെ കളക്ടറോട് കുടിക്കാന്‍ വെള്ളവും കുട്ടി ചോദിച്ചു. അതും കളക്ടര്‍ കൊടുത്തു. പെരിയാര്‍വാലി ചപ്പാത്തില്‍ വരിക്കപ്ലാക്കല്‍ ജോണി- അച്ചാമ്മ ദമ്പതികളുടെ മകനാണ് ജോസഫ്.