മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സമ്മര്‍ദമെന്ന് സൂചന, നിരാശരായി സിപിഎം നേതൃത്വം, മഞ്ജുവിനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയയില്‍ ചേരിതിരിവ്

നിയാസ് മുസ്തഫ

സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പിന്‍മാറിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് എം. സ്വരാജ് എംഎല്‍എ അറിയിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജു പെട്ടെന്ന് പിന്‍മാറിയതിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദമായിരിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം എത്തിനില്‍ക്കുന്നത്.

വനിതാമതിലിന്റെ ഭാഗമാകുമെന്ന് അറിയിച്ചുകൊണ്ട് മഞ്ജുവാര്യരുടെ പോസ്റ്റ് ആദ്യം വന്നപ്പോള്‍ സിപിഎം നേതൃത്വവും അണികളും ഏറെ ആവേശത്തിലായി. കാരണം മഞ്ജുവിന്റെ കടന്നുവരവ് വനിതാമതിലില്‍ പങ്കെടുക്കാന്‍ അറച്ചുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വലിയൊരു പ്രോത്സാഹനം ആകുമായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം പെട്ടെന്നാണ് തകിടം മറിഞ്ഞത്. താന്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലായെന്ന പോസ്റ്റ് വന്നതോടെ അല്പം നിരാശ സിപിഎം ക്യാമ്പുകളില്‍ ഉണ്ടായിട്ടുണ്ട്.

വനിതാ മതിലില്‍ പങ്കെടുക്കുമെന്നുള്ള മഞ്ജുവാര്യരുടെ ആദ്യ അറിയിപ്പ് വന്നതിനു പിന്നാലെ മഞ്ജുവിനു നേരേ വ്യാപകമായ പ്രതിഷേധമാണ് കമന്റുകളിലൂടെ വന്നത്. ഇതാവാം താരത്തിന്റെ മനംമാറ്റത്തിനു കാരണം. അതേസമയം, വനിതാമതിലില്‍ പങ്കെടുക്കില്ലായെന്ന് അറിയിച്ചുള്ള താരത്തിന്റെ രണ്ടാമത്തെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. എന്തായാലും മഞ്ജുവിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം എന്നു തന്നെയാണ് സിപിഎം വിലയിരുത്തുന്നത്.

മുമ്പ് കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ മഞ്ജുവാര്യര്‍ക്കെതിരേ വ്യാപകമായ പ്രതിഷേധം സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ആ സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, തന്റെ അറിവല്ലായ്മ കൊണ്ടാണ് വനിതാമതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചതെന്നാണ് മഞ്ജുവാര്യര്‍ പറയുന്നത്.

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

Related posts