കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്സ് ആപ്പ് ചോര്‍ത്തിയ വിരുതനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കി.
കോഴിക്കോട് മെഡിക്കല്‍കോളജ് സ്വദേശിയായ അധ്യാപികയുടെ വാട്സ് ആപ്പാണ് ചോര്‍ത്തിയത്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസെടുക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെ കാണിക്കുന്നതിന് അധ്യാപിക സ്ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചിരുന്നു.
ക്ലാസിനിടെ അധ്യാപികയുടെ നമ്പറില്‍ മറ്റൊരുഫോണില്‍ വാട്സ് ആപ്പ് അക്കൗണ്ട് ആരംഭിച്ചു. ഒടിപി അധ്യാപികയുടെ ഫോണിലേക്കാണ് ലഭിക്കുക.
സ്ക്രീന്‍ ഷെയറിംഗ് ഉപയോഗിക്കുന്നതിനായി ഫോണിലേക്ക് വരുന്ന എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഇപ്രകാരം ഒടിപി വന്നപ്പോള്‍ അത് ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്സ്ആപ്പ് ആരംഭിക്കുകയായിരുന്നു.
അധ്യാപിക വാട്സ്ആപ്പ് വെരിഫിക്കേഷന് നടത്താതിരുന്നതിനാല്‍ പാസ്വേര്ഡും ഉണ്ടായിരുന്നില്ല.
അതിനാല്‍ ഒടിപി ലഭിച്ചയുടന്‍ അധ്യാപികയുടെ വാട്സ്ആപ്പ് മറ്റൊരു ഫോണില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അധ്യാപികയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു.
വാട്സ്ആപ്പ് പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളേയും ബന്ധപ്പെട്ടപ്പോള്‍ വിരുതനെ തിരിച്ചറിയുകയായിരുന്നു.
അതേസമയം ദുരുദ്യേശത്തോടുകൂടിയല്ല വിദ്യാര്‍ഥി ഇത് ചെയ്തതെന്നതിനാല്‍ അധ്യാപിക പരാതി പിന്‍വലിക്കുകയും കക്കോടി പോലീസ് കേസെടുക്കാതെ വിദ്യാര്‍ഥിയെ വിട്ടയയ്ക്കുകയും ചെയ്തു.