പത്തനംതിട്ട: പത്താംക്ലാസ് കണക്കുപരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യപേപ്പർ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പർ എത്തിയത്. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഗ്രൂപ്പിലേക്ക് ചോദ്യപേപ്പർ ഇട്ടതെന്നും വ്യക്തമായി.
പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പിൽ ചോദ്യപേപ്പർ ഇന്നലെ രാവിലെ 10.30ഓടെയാണ് എത്തിയത്.
പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂർത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങുന്പോൾ മാത്രമേ സാധാരണ നിലയിൽ ചോദ്യം പുറത്താകുകയുള്ളൂ.
എന്നാൽ ഔദ്യോഗിക ഗ്രൂപ്പിലൂടെ ചോദ്യപേപ്പർ പുറത്തുവന്നതു സംബന്ധിച്ച് അപ്പോൾതന്നെ അന്വേഷണം ആരംഭിച്ചു.
സ്വന്തം സ്കൂൾ ഗ്രൂപ്പിലേക്ക് ഹെഡ്മാസ്റ്റർ ചോദ്യപേപ്പറിന്റെ ചിത്രം എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കു മാറിപ്പോയതാണെന്നും പറയുന്നു.
ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകൻ ഇത്തരത്തിൽ ചോദ്യപേപ്പർ പുറത്തേക്കു നൽകുന്നത് എസ്എസ്എൽസി പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
ഡിഡിഇയിൽനിന്ന് ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തേടിയിരുന്നു. തുടർന്നാണ് ഹെഡ്മാസറ്ററെ സസ്പെൻഡ് ചെയ്തത്. തുടർ അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.