ഇരിട്ടി: റവന്യു വകുപ്പിലെ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ ജില്ലാ കളക്ടറുടെ വാട്സ്ആപ്പ് ഗൂപ്പ്. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയാണ് ജില്ലയിലെ പ്രധാനപ്പെട്ട റവന്യു ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി നടപടികള്‍ വേഗത്തിലാക്കുന്നത്. കളക്ടര്‍ നല്കുന്ന നിര്‍ദേശങ്ങളുടെ മറുപടിയുടെ വേഗം പരിശോധിക്കുന്നത് എഡിഎം മുഹമ്മദ് യൂസഫാണ്. ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്ന പരാതികളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പരാതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കളക്ടര്‍ തന്നെയാണ് വാട്സ് ആപ്പിലേക്ക് സന്ദേശം അയക്കുന്നത്. പരാതികള്‍ അപ്പോള്‍ തന്നെ പരമാവധി പരിഹരിക്കണമെന്നാണ് കീഴുദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കളക്ടര്‍ക്ക് പുറമെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ഡെപ്യുട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങി 175 പേരാണ് ഗ്രൂപ്പിലുള്ളത്. പരാതികള്‍ ഫയല്‍ നമ്പറിട്ട് തപാലില്‍ അയച്ചാല്‍ ചിലപ്പോള്‍ ദിവസങ്ങളോ, ആഴ്ചകളോ തന്നെ വേണ്ടി വരും. ഇത് ഒഴിവാക്കി ജനങ്ങളുടെ പരാതികളും ദുരിതങ്ങളും വേഗത്തില്‍ പരിഹരിക്കാനാണ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ പരാതികള്‍ പരിഹാരത്തിനായി നടത്തിയ വാട്സ്ആപ്പ് പദ്ധതി വിജയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ പരാതി പരിഹാരത്തിന് ഈ ഗ്രൂപ്പ് സജീവമാക്കാനാണ് കളക്ടറുടെ തീരുമാനം. ഏത് പരാതിക്കും വേഗത്തില്‍ പരിഹാരം കാണുകയെന്നതാണ് കളക്ടറുടെ നിര്‍ദേശം. ഇതിന് കീഴുദ്യോഗസ്ഥര്‍ക്ക് വേണ്ട എല്ലാ പിന്തുണയും കളക്ടര്‍ വാഗ്ദാനം ചെയ്തതോടൊപ്പം നടപടി വൈകിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.