മുംബൈ: അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയെ അവരുടെ സമ്മതമില്ലാതെ ചേര്‍ത്ത് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റു ചെയ്തു. 24കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖാണ് പിടിയിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന ഗ്രൂപ്പിലാണ് യുവതിയെ അംഗമായി ചേര്‍ത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അശ്ലീലഗ്രൂപ്പില്‍ വീട്ടമ്മയെ ചേര്‍ത്തത്. സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണിതെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അഡ്മിനടക്കം 12 പേരുള്ള ഗ്രൂപ്പില്‍ ഉടന്‍ തന്നെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്താന്‍ തുടങ്ങി. ഇതോടെയുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു. പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല ഗ്രൂപ്പില്‍. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഗ്രൂപ്പ് അഡ്മിനായുള്ള തിരച്ചില്‍ ശക്തമാക്കി. വെസ്റ്റ്ബംഗാളില്‍ നിന്നുള്ള ഗ്രൂപ്പാണെന്ന് കണ്ടെത്തി. പിന്നീട് ഗ്രൂപ്പ് അഡ്മിനെ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലെ ധാരാവിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഐടി ആക്റ്റ് 67,67എ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ഐടി ആക്റ്റ് 2000 പ്രകാരം, ഒരാള്‍ ആദ്യമായാണ് ഇത്തരം കേസില്‍ പ്രതിയാകുന്നതെങ്കില്‍ മിനിമം അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. എന്നാല്‍ അയാള്‍ വീണ്ടും ഇതേ കേസുകളില്‍ പ്രതിയാകുകയാണെങ്കില്‍ ഏഴ് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഇത്തരത്തില്‍ നിരവധി അശ്ലീല വാട്‌സ് ആപ്പ്് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്ലിനു ലഭിച്ചിരിക്കുന്ന വിവരം.