വാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് പോലീസ് നടപടിയെന്ന് ആരോപണം.
കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്കി.
സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് പരാതി നല്‍കിയതെന്നാണ് സിപിഎം നല്കുന്ന വിശദീകരണം.
നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചത്.
വര്‍ഗീയ പരാമര്‍ശം അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ ഈ ഗ്രൂപ്പില്‍ വന്നെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.
പോലീസും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ അഡ്മിനെ അടക്കം വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശ്നത്തില്‍ കേസെടുക്കുകയോ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, സിപിഎമ്മിനെ വിമര്‍ശിച്ചത് മൂലമാണ് തങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് അഡ്മിനടക്കം പറയുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് എസ്എഫ്ഐക്കും സിപിഎമ്മിനുമെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ വിഷയത്തിന് മേല്‍ നമ്മുടെ മൂന്നിലവ് ഗ്രൂപ്പിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിച്ചു എന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പിന്റെ വിവരങ്ങള്‍ സിപിഎം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകൂടി പുറത്തുവന്നാല്‍ മാത്രമേ വിഷയത്തില്‍ വ്യക്തത വരികയുള്ളു.