മുണ്ടക്കയം: ഇഞ്ചിയാനി മേഖല കേന്ദ്രീകരിച്ച് നടന്ന സൈബർ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് പ്രധാനമായും സൈബർ ആക്രമണമുണ്ടായത്.
പതിവായി പങ്കെടുക്കുന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാർഥന ഉണ്ടെന്നും ഇതിൽ പങ്കെടുക്കണമെന്നും അറിയിച്ച് ഇവിടത്തെ ഒരു കന്യാസ്ത്രീക്കാണ് വാട്സാപ്പിൽ മെസേജ് ലഭിക്കുന്നത്. പതിവായി പങ്കെടുക്കാറുള്ള പ്രാർഥന കൂട്ടായ്മ ആയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ സിസ്റ്ററുടെ ഫോൺ ഹാക്ക് ആകുകയായിരുന്നു. പിന്നീട് കന്യാസ്ത്രീയുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള പല ആളുകൾക്കും ഹാക്ക് ചെയ്യപ്പെട്ട നമ്പരിൽ നിന്നു മെസേജ് എത്തുകയായിരുന്നു. അടിയന്തരമായി പണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജാണ് പല ആളുകൾക്കുമെത്തിയത്.
സിസ്റ്ററിന്റെ സ്വന്തം നമ്പറിൽ നിന്ന് മെസേജ് എത്തിയതോടെ പല ആളുകളും പണം അയച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് സൈബർ തട്ടിപ്പാണെന്ന് മനസിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുണ്ടക്കയം പോലീസിലും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. ഇപ്പോഴും പല ആളുകൾക്കും ഇത്തരത്തിൽ മെസേജുകൾ ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സമാനമായ രീതിയിൽ ഇഞ്ചിയാനി മേഖലയിൽ നിരവധി ഫോൺ നമ്പരുകൾ ഹാക്ക് ചെയ്ത് അവരുടെ വാട്സാപ്പിൽ നിന്നു പണം ചോദിച്ചുകൊണ്ടുള്ള മെസേജ് എത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഇഞ്ചിയാനി മേഖലയിൽ മാത്രം ഒന്നര ലക്ഷത്തോളം രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.
പ്രദേശവാസികളുടെ വിവരങ്ങൾ അറിയാവുന്ന ആളുകൾ തന്നെയാവാം തട്ടിപ്പിന് പിന്നിലെന്നാണു സംശയം. ഇത്തരം തട്ടിപ്പുകൾ വ്യാപിക്കാതിരിക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.