മുക്കൂട്ടുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സ്ആപ്പ് മെസേജ് അയച്ചയാളെ കടയിൽനിന്നു വിളിച്ചിറക്കി താക്കീത് ചെയ്തത് അടിപിടിയിൽ കലാശിച്ചു.
പിറ്റേന്ന് പ്രശ്നം സിപിഎം നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും അടിപിടിയിൽ മർദനമേറ്റെന്നുകാട്ടി പോലീസിൽ പരാതിയെത്തി. പിന്നാലെ പ്രദേശത്തു മിന്നൽ ഹർത്താലും. മുട്ടപ്പള്ളി 40 ഏക്കറിലാണ് സംഭവം.
പ്രദേശത്തെ ഒരു കടയിലെ യുവാവാണ് വാട്സ്ആപ്പ് സന്ദേശം അയച്ചത്. പെൺകുട്ടിയുടെ ബന്ധു സുഹൃത്തുക്കളുമായെത്തി യുവാവിനെ കടയിൽ നിന്നിറക്കി മർദിച്ചെന്നാണ് പരാതി. പിടിച്ചു മാറ്റാൻ ശ്രമിച്ച നാട്ടുകാരിൽ രണ്ടുപേരും മർദനമേറ്റേന്ന് കാട്ടി പോലീസിൽ പരാതി നൽകി.
പരാതികളിൽ നാല് പേർക്കെതിരേ കേസെടുത്തെന്ന് എരുമേലി പോലീസ് പറഞ്ഞു. കടയിൽ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ ഹർത്താൽ ആഹ്വാനം ചെയ്യുകയായിരുന്നു. ഉച്ച മുതൽ വൈകുന്നേരം വരെയായിരുന്നു ഹർത്താൽ.