ചീമേനി: 100 രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം…ചീമേനി സ്വദേശിയുടെ അനധികൃത ലോട്ടറിയിലെ സമ്മാനവിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പണം നൽകേണ്ടത് ഗൂഗിൾ പേയിലൂടെ. പ്രചാരണം വാട്സാപിൽ.
കൊടക്കാട് വില്ലേജിൽ നിടുംമ്പയ്ക്കടുത്താണ് ഭാഗ്യക്കുറിയിൽ നറുക്ക് വീണവർക്ക് കൊടുക്കാനുള്ള ഭൂമി എന്നാണ് വാട്സാപ് പരസ്യം.2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്ത് വച്ച് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു.
നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.ഏറ്റവും കുടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓരോ മാസവും 14 സെന്റ് വച്ചാണ് നറുക്കെടുപ്പ് എന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർ ആറ് മാസത്തിന് ശേഷം സ്വന്തം ചെലവിൽ വസ്തു ആധാരം ചെയ്തെടുക്കേണ്ടതാണെന്നും ഇവർ പരസ്യത്തിൽ വ്യക്തമാക്കുന്നു. ഗൂഗിൾ പേ നമ്പർ അടക്കം കൊടുത്താണ് ഇവർ ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ചെറിയ രൂപ ആയത് കൊണ്ട് തന്നെ ധാരാളം ആളുകളാണ് ഇതിൽ ചേരുന്നത്. എന്നാൽ, അനധികൃതമായി നടത്തുന്ന ഇത്തരം നറുക്കെടുപ്പിന് നിയമത്തിന്റെയോ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടേയും യാതൊരു പിൻബലമില്ല.