ന്യൂഡൽഹി: അനധികൃത വാട്സാപ് അക്കൗണ്ടുകൾക്കു വിലക്കേർപ്പെടുത്താനൊരുങ്ങി വാട്സാപ്. ജിബി വാട്സാപ്, വാട്സാപ് പ്ലസ്, ഒജി വാട്സാപ്പ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ അക്കൗ ണ്ടുകൾ വിലക്കാനാണ് കന്പനിയുടെ പദ്ധതി. വിലക്കിനു മുന്നോടിയായി അറിയിപ്പുകളുണ്ടായിരിക്കില്ലെന്നും എത്രയും പെട്ടെന്ന് അനധികൃത വാട്സാപ് ഉപയോഗിക്കുന്നവർ യഥാർഥ വാട്സാപ്പിലേക്കു മാറണമെന്നും വാട്സാപ്പിന്റെ സൈറ്റിൽ പറയുന്നു.
അനധികൃത വാട്സാപ് അക്കൗണ്ടിലുള്ള സന്ദേശങ്ങൾ ബാക്ക്അപ് ചെയ്യാനുള്ള നടപടി ക്രമങ്ങളും സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതാ സംരംക്ഷണത്തിനാണ് പുതിയ നടപടിയെന്നും വാട്സാപ്പിന്റെ നിയമാവലി ലംഘിച്ചു പ്രവർത്തിക്കുന്നവയാണ് അനധികൃത വാട്സാപ് അക്കൗണ്ടുകളെന്നും വാട്സാപ് വക്താവ് അറിയിച്ചു.
യഥാർഥ വാട്സാപ്പിൽ ഇല്ലാത്ത പല ഫീച്ചറുകളുമുള്ള അനധികൃത ആപ്പുകൾക്കും ആരാധകരേറെയാണ്. ഇതിൽ പലതും പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്തതിനാൽ മറ്റു സൈറ്റുകളിലൂടെയാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. 50 എംപി വരെയുള്ള വീഡിയോ ഫയലുകൾ അയയ്ക്കാനുള്ള സംവിധാനം. ഡൗണ്‍ലോഡ് ചെയ്യാതെതന്നെ വീഡിയോകളുടെയും ചിത്രങ്ങളുടെയും പ്രിവ്യു കാണാനുള്ള സംവിധാനം, ഒരേ സമയം 90 ചിത്രങ്ങൾ അയയ്ക്കാനുള്ള സംവിധാനം തുടങ്ങിയ ഫീച്ചറുകളാണ് അനധികൃത വാട്സാപ്പുകൾക്കു പ്രചാരം നൽകുന്നത്.
അയച്ചയാൾ ഡിലീറ്റ് ചെയ്താലും ജിബി വാട്സാപ് ഉപയോഗിക്കുന്നവരുടെ ഫോണിൽനിന്ന് അതു നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, ഇവയെല്ലാം ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.