തൃക്കരിപ്പൂർ: പിഎസ്സി കോച്ചിംഗ് സെന്ററിലെ യുവതിക്ക് വാട്സ് ആപ് സന്ദേശമയച്ച സിപിഎം ലോക്കൽ നേതാവിനെ അച്ചടക്ക നടപടികളുടെ ഭാഗമായി പാർട്ടി സ്ഥാനങ്ങളിൽ പുറത്താക്കി. നോർത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ നേതാവുമായ ആയിറ്റിയിലെ പി.കെ. വിനോദിനെതിരെയാണു അച്ചടക്ക നടപടി.
പാർട്ടിയുടെ യശസിനു നിരക്കാത്ത പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണു തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സിപിഎം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ അറിയിച്ചു.വിനോദിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ കേന്ദ്രീകരിച്ചു നടത്തിവന്ന പിഎസ് സി കോച്ചിംഗ് സെന്ററിലെ ജീവനക്കാരിയുടെ മൊബൈൽ ഫോണിലേക്ക് വാട്ട്സ് ആപ് സന്ദേശമയച്ച സംഭവവുമായി ബന്ധപ്പെട്ടു യുവതിയും ബന്ധുക്കളും സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയെത്തുടർന്നാണു ദിവസങ്ങളോളം സിപിഎമ്മിൽ പുകഞ്ഞ പ്രശ്നത്തിൽ നടപടിയുണ്ടായത്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുകയും നടപടി വേണമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ചേർന്ന സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനമെടുത്തത്.
തുടർന്ന് രാത്രി തൃക്കരിപ്പൂരിൽ ചേർന്ന സിപിഎം നോർത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയിൽ അച്ചടക്ക നടപടി സംബന്ധിച്ചു റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ താക്കീതു മാത്രം മതിയെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച ചേർന്ന നോർത്ത് ലോക്കൽ കമ്മറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ പാർട്ടി മേൽഘടകം നടപടി വേണമെന്നുറച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. എൽഡിഎഫ് സർക്കാർ ഭരണമേറ്റ ശേഷം വിനോദ് സംസ്ഥാന യൂത്ത് വെൽഫയർ ബോർഡ് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.