രാജ്യത്ത് വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി വാട്സ്ആപ്. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാവുന്ന കോണ്ടാക്ടുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തും. ഇതനുസരിച്ച് അഞ്ച് ഗ്രൂപ്പ്/വൺ ടു വൺ കോണ്ടാക്ടുകളിലേക്കു മാത്രമേ ഒരു സമയം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ കഴിയൂ.
കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതു മുതൽ കലാപസാധ്യതയുള്ള സന്ദേശങ്ങൾ വരെ പ്രചരിക്കുന്നതാണ് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ നിയന്ത്രണങ്ങൾ വരുത്താൻ പ്രേരിപ്പിച്ചത്.
ഇതിന്റെ പരീക്ഷണപ്രവർത്തനം ഇന്നലെ ഇന്ത്യയിൽ അവതരിപ്പിച്ചെന്ന് വാട്സ്ആപ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എണ്ണം പരിമിതപ്പെടുത്തിയതു മാത്രമല്ല മീഡിയ മെസേജുകളുടെ സമീപമുള്ള ക്വിക്ക് ഫോർവേഡ് ബട്ടൺ നീക്കം ചെയ്തിട്ടുമുണ്ട്.
ഈ മാറ്റങ്ങൾ വാട്സ്ആപ്പിനെ ഒരു സ്വകാര്യ മെസേജിംഗ് ആപ്പായി മാറ്റുമെന്നും കന്പനി അധികൃതർ പറഞ്ഞു. സ്വകാര്യ സന്ദേശങ്ങൾ കൈമാറുന്നതിനായി ഡിസൈൻ ചെയ്തതാണ് വാട്സ്ആപ് എന്നും കമ്പനി അധികൃതർ അറിയിച്ചു. ഈ മാസം 11ന് പുതിയ ലേബൽ സംവിധാനം വാട്സ്ആപ് ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി വ്യാജസന്ദേശങ്ങളുടെ ഉറവിടം വ്യക്തമായി മനസിലാക്കാൻ കഴിയും.
വാട്സ്ആപ് കൊലക്കളമൊരുക്കി
രണ്ടു മാസത്തിനുള്ളിൽ വാട്സ്ആപ് വഴി പ്രചരിച്ച വ്യാജസന്ദേശങ്ങൾ മൂലം 20ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾ വാട്സ്ആപ് വഴി പ്രചരിച്ചതാണ് പല കൊലപാതകങ്ങൾക്കും കാരണമായത്.
വാട്സ്ആപ്പാണ് പല കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആരോപിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ ഫലപ്രദമായ നടപടിയെടുക്കാൻ വാട്സ്ആപ്പിനുമേൽ സർക്കാർ സമ്മർദം ചെലുത്തുകയും ചെയ്തു.